ഇനി അൽഖോറിലിരുന്നും പുസ്തകമെടുക്കാം
text_fieldsഖത്തർ ദേശീയ ലൈബ്രറി അൽഖോർ മാളിൽ ആരംഭിച്ച മിനിയേച്ചർ ലൈബ്രറി
ദോഹ: തലസ്ഥാന നഗരിയിൽനിന്ന് അകലെയുള്ള പുസ്തക പ്രേമികളെ തേടി ഖത്തർ നാഷനൽ ലൈബ്രറിയുടെ ആദ്യ മിനി പുസ്തകാലയം അൽഖോറിലേക്ക്. അൽ ഖോർ മാളിലെ പ്രധാന കവാടത്തോട് ചേർന്നാണ് നാഷനൽ ലൈബ്രറിയുടെ ആദ്യ പുസ്തക വിതരണ ബൂത്ത് സ്ഥാപിച്ചത്. ലൈബ്രറി അംഗങ്ങൾക്ക് സ്വന്തമായി ഉപയോഗിക്കാൻ പാകത്തിലാണ് ഈ ഇലക്ട്രോണിക് ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്. സാധാരണ ലൈബ്രറിയിൽനിന്ന് പുസ്തകങ്ങൾ എടുക്കുന്ന പോലെ ഒരംഗത്തിന് ഒരേസമയം ആറ് പുസ്തകങ്ങൾ വരെ തെരഞ്ഞെടുത്ത് എടുക്കാവുന്നതാണ്. ഭാവിയിൽ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പുസ്തക വിതരണ ബൂത്തുകൾ സ്ഥാപിക്കാനുള്ള ആസൂത്രണത്തോടെയാണ് അൽഖോർ മാളിൽ ആദ്യ മെഷീൻ സജ്ജമാക്കിയത്.
വായന സംസ്കാരം കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ഖത്തർ ദേശീയ ലൈബ്രറിയുടെ പദ്ധതിയിൽ നാഴികക്കല്ലാണ് പുതിയ മിനിയേച്ചർ ലൈബ്രറിയെന്ന് ക്യു.എൻ.എൽ റിസർച്ച് ആൻഡ് ലേണിങ് സർവിസ് ഡയറക്ടർ കാതിയ മെദ്വാർ പറഞ്ഞു. ലൈബ്രറിയുടെ ചുമരുകൾക്കുള്ളിൽനിന്ന് പുസ്തക വായന സംസ്കാരത്തെ കൂടുതൽ വിശാലമായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിൽ നിർണായകമാണ് പുതിയ ആശയമെന്ന് അവർ പറഞ്ഞു. വായനക്കാർക്ക് തങ്ങളെ തേടിയെത്തുന്ന സേവനമായി ലൈബ്രറി മാറുകയാണെന്നും വ്യക്തമാക്കി. വായനശീലമുള്ള തലമുറകളെ വളർത്തിയെടുക്കുകയെന്ന ദേശീയ ലൈബ്രറി ലക്ഷ്യങ്ങളുടെ ഭാഗമാണ് നൂതന സംവിധാനങ്ങളുമായുള്ള വിപുലീകരണം പദ്ധതി.
എങ്ങനെ പുസ്തകമെടുക്കാം
ലൈബ്രറി അംഗത്വമുള്ള ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും വിധമാണ് വെൻഡിങ് മെഷീന്റെ പ്രവർത്തനം. കാർഡ് സ്വൈപ് ചെയ്ത് അംഗത്വ നമ്പറും പാസ് വേഡും നൽകിയ ശേഷം കാറ്റലോഗിൽനിന്ന് പുസ്തകം തെരഞ്ഞെടുക്കാം. ബുക്ക് വെൻഡിങ് മെഷീന് സംഭരണശേഷി പരിമിതമാണെങ്കിലും പുസ്തക ശേഖരം പതിവായി പുതുക്കിക്കൊണ്ടിരിക്കുന്നതിനാൽ ഏത് സമയവും വായനക്കാരന് വൈവിധ്യമാർന്ന പുസ്തകങ്ങൾ സ്വന്തമാക്കാൻ കഴിയും. മാളിന്റെ പതിവ് പ്രവൃത്തിസമയം തന്നെയാണ് ബുക്ക് വെൻഡിങ് മെഷീന്റെയും പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

