ഇനി ടെന്നിസ് വസന്തം; ഖത്തർ ടോട്ടൽ ഓപൺ തുടങ്ങി
text_fieldsഎലിന സ്വിറ്റോലിന
ദോഹ: ഖത്തറിൽ വീണ്ടും ടെന്നിസ് വസന്തം. ടെന്നിസിലെ വനിതാ താരങ്ങൾ മാറ്റുരക്കുന്ന 19ാമത് ഖത്തർ ടോട്ടൽ ഓപൺ ടെന്നിസ് ടൂർണമെൻറിന് ഖലീഫ രാജ്യാന്തര ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ തുടക്കം. ആദ്യ 20 റാങ്കിനുള്ളിലെ 10 താരങ്ങളും ആദ്യ 10 റാങ്കിനുള്ളിലെ പ്രമുഖ നാല് താരങ്ങളുമടക്കം ടൂർണമെൻറിൽ റാക്കറ്റേന്തുന്ന എല്ലാ താരങ്ങളും നേരത്തേതന്നെ ദോഹയിലെത്തിയിട്ടുണ്ട്. ഉദ്ഘാടനദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കളി കാണാനെത്തി. കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. സുരക്ഷാ മുൻകരുതലുകളോടെ 10 ശതമാനം കാണികൾക്ക് മാത്രമാണ് മത്സരങ്ങൾ കാണാൻ അനുമതി ലഭിക്കുകയുള്ളൂ. ടിക്കറ്റുകൾക്കായി www.qatartennis.org എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യണം.ലോക അഞ്ചാം നമ്പർ താരമായ എലിന സ്വിറ്റോലിനയാണ് ടൂർണമെൻറിലെ ടോപ് സീഡ്. ആറാം റാങ്കുകാരി കരോലിന പ്ലിസ് കോവ, നിലവിലെ ചാമ്പ്യനായ എട്ടാം നമ്പർ താരം അരിന സബലെൻകാ, 10ാം നമ്പർ താരം പെട്ര ക്വിറ്റോവ എന്നിവർ ഇത്തവണ ദോഹയിൽ റാക്കറ്റേന്തും.
കഴിഞ്ഞ നാല് വർഷങ്ങളിലായി സബലെൻക, പ്ലിസ്കോവ, ക്വിറ്റോവ എന്നിവരാണ് ഖലീഫ കോംപ്ലക്സിൽ കിരീടം ചൂടിയിട്ടുള്ളത്.ലോക 11ാം നമ്പർ താരം കികി ബെർടൻസ്, 19ാം നമ്പർ താരം മാഡിസൻ കീസ്, 32ാം നമ്പർ താരം അമാൻഡ അനിസിമോവ എന്നിവർ തങ്ങളുടെ പുതിയ സീസണ് തുടക്കംകുറിക്കുന്നത് ദോഹയിലായിരിക്കും. 2020ൽ റോളണ്ട് ഗാരോസിൽ പരിക്കേറ്റ് പിന്മാറിയ ഡച്ച് താരം ബെർടൻസിെൻറ തിരിച്ച് വരവിന് കൂടിയാണ് ഖത്തർ ടോട്ടൽ ഓപൺ സാക്ഷ്യംവഹിക്കുക. ആസ്ട്രേലിയൻ ഓപണിൽനിന്ന് പിൻമാറിയതിന് ശേഷമാണ് കീസ്, അനിസിമോവ എന്നിവർ ദോഹയിലെത്തുന്നത്.ആദ്യമത്സരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30നാണ് ആരംഭിച്ചത്. മാർച്ച് ആറിന് വൈകീട്ട് ആറിനാണ് സിംഗിൾസ് കലാശപ്പോരാട്ടം നടക്കുക.
അതേസമയം, ഡബിൾസ് ഫൈനൽ മാർച്ച് അഞ്ചിന് വൈകീട്ട് നാലിന് നടക്കുമെന്നും സംഘാടകർ അറിയിച്ചു. ടൂർണമെൻറിനുള്ള എല്ലാ ഒരുക്കങ്ങളും നേരത്തേതന്നെ പൂർത്തിയായിരുന്നുവെന്നും ഖത്തർ ടെന്നിസ് ഫെഡറേഷൻ സെക്രട്ടറി ജനറൽ താരിഖ് സൈനാൽ അറിയിച്ചു. ലോകത്തിലെ മുൻനിര താരങ്ങളാണ് ഖത്തർ ടോട്ടൽ ഓപൺ ടെന്നിസ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.
കോവിഡ് മഹാമാരി ഉയർത്തിയ കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറ്റവും മികച്ച ടൂർണമെൻറാക്കി മാറ്റും. താരങ്ങളും ഓഫീഷ്യലുകളും കാണികളും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും താരിഖ് സൈനാൽ വ്യക്തമാക്കി. 565,530 ഡോളറാണ് 32 താരങ്ങൾ പങ്കെടുക്കുന്ന സിംഗിൾസ് വിജയികൾക്കുള്ള ആകെ സമ്മാനത്തുക. ഡബിൾസിൽ 16 ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.