ലേലത്തിൽ പങ്കെടുപ്പിക്കുന്നില്ല: മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പ്രതിസന്ധിയിൽ
text_fieldsഉംസലാലിലെ മത്സ്യലേലം
ദോഹ: ഉംസലാലിലെ മത്സ്യച്ചന്തയിൽ നടക്കുന്ന പ്രതിദിന മത്സ്യലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്തത് തങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും. മത്സ്യച്ചന്ത ചില കുത്തക വ്യാപാരികളുടെ കൈകളിലാണ്. ചില്ലറവിൽപന വില നിശ്ചയിക്കുന്നതടക്കമുള്ള എല്ലാ നിയന്ത്രണങ്ങളും അവർക്ക് മാത്രമാണ്. ഇതടക്കമുള്ളവ തങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ആരോപിക്കുന്നു.
ലേലത്തിൻെറ ചുമതലയുള്ള കമ്പനി ലേലത്തിൽ പങ്കെടുക്കാൻ വ്യാപാരികൾക്കും ലേലം വിളിച്ചെടുക്കുന്നവർക്കും മത്സ്യക്കടയുടമകൾക്കും ചുമട്ടുതൊഴിലാളികൾക്കും മാത്രമാണ് അനുവാദം നൽകുന്നുള്ളൂ. ലേലഹാളിലേക്ക് മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും അടുപ്പിക്കുന്നില്ല. ഇക്കാര്യം സംബന്ധിച്ച് കഴിഞ്ഞദിവസം പ്രാദേശിക ദിനപത്രമായ 'അൽ റായ' വാർത്ത നൽകിയിരുന്നു. കമ്പനിയുടെ തീരുമാനം അനീതിയും അന്യായവുമാണ്. തങ്ങൾ പിടിച്ച മത്സ്യത്തിൻെറ വില നിശ്ചയിക്കുന്നതിൽനിന്നും തങ്ങളെ ഇത് തടയുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
കമ്പനിയുടെ തീരുമാനം വ്യാപാരികൾക്ക് വില നിശ്ചയിക്കുന്നതിനും മറ്റു നടപടികൾക്കും പൂർണമായും അധികാരം നൽകുന്നതിനാണ് വഴിയൊരുക്കുക. ഇത് മത്സ്യവിലയുടെ ചില്ലറ വിലയിൽ അനാരോഗ്യകരമായ പ്രവണത രൂപപ്പെടുന്നതിന് ഇടയാക്കും. വ്യാപാരികൾ നിശ്ചയിക്കുന്ന വിലക്ക് മത്സ്യം നൽകാൻ മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും നിർബന്ധിതരാക്കുന്നതാണ് കമ്പനിയുടെ തീരുമാനമെന്നും അവർ വ്യക്തമാക്കി. കമ്പനിയുടെ തീരുമാനം പുനപരിശോധിക്കണമെന്നും മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും താൽപര്യങ്ങൾ കൂടി പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

