നോർത്ത് ഫീൽഡ്: എൽ.എൻ.ജി വിതരണം ഈ വർഷം സാധ്യം -മന്ത്രി
text_fieldsടോക്യോ ജി.എക്സ് വീക്ക് സമ്മേളനത്തിൽ ഖത്തര്‍ ഊര്‍ജസഹമന്ത്രി സഅദ് അല്‍ കഅബി സംസാരിക്കുന്നു
ദോഹ: ഖത്തറിന്റെ ശ്രദ്ധേയ പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് പ്രോജക്ടില്‍നിന്ന് ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വില്പന ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ഊര്‍ജ സഹമന്ത്രി സഅദ് അല്‍കഅബി അറിയിച്ചു. പ്രോജക്ടില്‍നിന്നുള്ള എൽ.എൻ.ജി ഈ വര്‍ഷംതന്നെ ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ടോക്യോ ജി.എക്സ് വീക് 2023ന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഅദ് അല്‍കഅബി. ലോകത്തെ ഏറ്റവുംവലിയ എൽ.എൻ.ജി പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് പ്രോജക്ടിന്റെ നിര്‍മാണം ഉദ്ദേശിച്ച രീതിയില്‍ പുരോഗമിക്കുകയാണ്.
ഏതാനും വർഷങ്ങൾക്കുള്ളിൽ പൂർണതോതിൽ പ്രവർത്തന ക്ഷമമാകുന്ന നോർത്ത് ഫീൽഡിൽനിന്ന് ഈ വര്‍ഷംതന്നെ ദ്രവീകൃത പ്രകൃതിവാതകം ലഭ്യമായിത്തുടങ്ങും. നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, സൗത്ത് പ്രോജക്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവര്‍ഷ പ്രകൃതിവാതക ഉല്പാദനം 77 മില്യണ്‍ ടണില്‍നിന്ന് 126 മില്യണ്‍ ടണായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഇതടക്കം ഉല്പാദിപ്പിക്കുന്ന മുഴുവന്‍ ഊര്‍ജത്തിന്റെയും വില്പനക്കുള്ള കരാര്‍ ഈ വര്‍ഷംതന്നെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ജപ്പാന്, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമായി ദീര്‍ഘകാല കരാറിനാണ് ഖത്തര്‍ ഊന്നല്‍നല്‍കുന്നത്. 2029ഓടെ ലോകത്തെ എൽ.എൻ.ജി വിതരണത്തിന്റെ 40 ശതമാനം സ്വന്തമാക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

