നോർക്കാ കെയർ പ്ലസ്: ഇൻഷുറൻസ് എടുക്കും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsപ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസിന്റെ രണ്ടാംഘട്ട എൻറോൾമെന്റിന്റേയും ഇതിനായുളള വെബ് പോര്‍ട്ടലിന്റെയും ഉദ്ഘാടനം കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍വഹിച്ചു. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്.കെ ഐ.ഡി ഉളള പ്രവാസി കേരളീയര്‍ക്കാണ് എൻറോൾ ചെയ്യാനാകുക.
സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം. കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ചികിത്സ ലഭ്യമാകും. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് www.id.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ എൻറോൾ ചെയ്യാവുന്നതാണ്.
നോർക്കാ കെയർ പ്ലസ് ഇൻഷുറൻസ് രണ്ടാംഘട്ട എൻറോൾമെന്റ് ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും പരിധികളും ചുരുക്കത്തിൽ മനസ്സിലാക്കാം.
പ്രധാന നിബന്ധനകളും ആനുകൂല്യങ്ങളും
ഇപ്പോൾ ഉള്ള സ്കീം എട്ടു മാസത്തേക്കാണ് ചേരാൻ സാധിക്കുക. അംഗമായി കഴിഞ്ഞാൽ ഒരു മാസത്തെ വെയിറ്റിങ് പീരിയഡ് ബാധകമാണ്. ഈ ഇൻഷുറൻസ് നിലവിലുള്ളതടക്കം എല്ലാ അസുഖങ്ങൾക്കും, ആവശ്യമായ കിടത്തി ചികിത്സക്ക് ലഭ്യമാണ്. എന്നാൽ, മിനിമം 24 മണിക്കൂർ ആശുപത്രി വാസം നിർബന്ധമാണ്. അതേസമയം, ഡയാലിസിസ്, കീമോ തെറാപ്പി എന്നിവക്ക് ഈ നിബന്ധന ബാധകമല്ല. അഡ്മിറ്റ് ആകുന്നതിന് ഒരു മാസം മുമ്പ് വരെയുള്ള ചികിത്സക്കും, ഡിസ്ചാർജിന് ശേഷമുള്ള ചികിത്സക്കും ഓരോ അഡ്മിറ്റ് അടിസ്ഥാനമാക്കി പരമാവധി 5,000 രൂപ വീതം ലഭിക്കും.
പ്രത്യേക ചികിത്സാ പരിധികൾ
കണ്ണിനുള്ള ലേസർ ചികിത്സക്ക് പരമാവധി 60,000 രൂപയും തിമിര ശസ്ത്രക്രിയക്ക് ഓരോ കണ്ണിനും കണ്ണട ചെലവ് അടക്കം 30,000 രൂപയുമാണ് ലഭിക്കുക.
ഹെർണിയ, ഹൈഡ്രോസിലക്ടമി എന്നിവക്കുള്ള ചികിത്സകൾക്ക് 50,000 രൂപ വരെയാണ് പരമാവധി ലഭിക്കുക.
രക്തസംബന്ധമായ രോഗങ്ങൾക്കുള്ള അസ്ഥിമജ്ജ മാറ്റിവെക്കൽ (Bone marrow transplant) ചികിത്സക്കായി നടത്തുന്ന 'ഹെമറ്റോപോയറ്റിക് സ്റ്റെം സെൽ' തെറാപ്പിക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ. ഈ പരിരക്ഷ മൊത്തം ചിലവിന്റെ 50% മാത്രമേ ലഭിക്കുകയുള്ളൂ. ബാക്കി വരുന്ന തുക Co pay ആയി സ്വയം വഹിക്കണം. റോബോട്ടിക് സഹായത്തോടെ ചെയ്യുന്ന സർജറികൾക്കും ഈ നിബന്ധന ബാധകമാണ്.
അപകടം സംഭവിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയി ചെയ്യുന്ന ദന്തചികിത്സകൾക്ക് മാത്രമേ പരിരക്ഷ ലഭ്യമാകൂ.
പ്രസവം, ഇൻഫെർട്ടിലിറ്റി ചികിത്സകൾ എന്നിവക്ക് പരിരക്ഷ ലഭിക്കില്ല. എന്നാൽ, പ്രസവാനന്തരമുണ്ടാകുന്ന മറ്റ് രോഗങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. നവജാത ശിശുവിന് വേണ്ടി വരുന്ന ചികിത്സ ശിശുവിനെ പോളിസിയിൽ കൂട്ടി ചേർത്ത് ലഭ്യമാക്കാവുന്നതാണ്.
സബ് ലിമിറ്റ് പരിധികൾ
താഴെ പറയുന്ന കാര്യങ്ങളിൽ സബ് ലിമിറ്റ് പരിധികളും ഉണ്ട്
യൂട്ടറൈൻ ആർട്ടറി എംബോളൈസേഷൻ & ഹൈ ഇന്റൻസിറ്റി ഫോക്കസ്ഡ് അൾട്രാസൗണ്ട് (HIFU): ഇൻഷുറൻസ് തുകയുടെ (Sum Insured) 20% വരെ, ഒരു പോളിസി കാലയളവിൽ പരമാവധി 2 ലക്ഷം രൂപ വരെ.
ബലൂൺ സിനുപ്ലാസ്റ്റി: ഇൻഷുറൻസ് തുകയുടെ 10% വരെ, ഒരു പോളിസി കാലയളവിൽ പരമാവധി 1 ലക്ഷം രൂപ വരെ.
ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ: ഇൻഷുറൻസ് തുകയുടെ 70% വരെ, ഒരു പോളിസി കാലയളവിൽ പരമാവധി 10 ലക്ഷം രൂപ വരെ.
ഓറൽ കീമോതെറാപ്പി: ഇൻഷുറൻസ് തുകയുടെ 20% വരെ, ഒരു പോളിസി കാലയളവിൽ പരമാവധി 2 ലക്ഷം രൂപ വരെ.
ഇമ്മ്യൂണോതെറാപ്പി -മോണോക്ലോണൽ ആന്റിബോഡി ഇഞ്ചക്ഷൻ: ഇൻഷുറൻസ് തുകയുടെ 20% വരെ, ഒരു പോളിസി കാലയളവിൽ പരമാവധി 2 ലക്ഷം രൂപ വരെ.
ഇൻട്രാ വിട്രിയൽ ഇഞ്ചക്ഷനുകൾ: ഇൻഷുറൻസ് തുകയുടെ 10% വരെ, ഒരു പോളിസി കാലയളവിൽ പരമാവധി 1 ലക്ഷം രൂപ വരെ.
ബ്രോങ്കിയൽ തെർമോപ്ലാസ്റ്റി: ഇൻഷുറൻസ് തുകയുടെ 30% വരെ, ഒരു പോളിസി കാലയളവിൽ പരമാവധി 3 ലക്ഷം രൂപ വരെ.
വേപ്പറൈസേഷൻ ഓഫ് ദി പ്രോസ്റ്റേറ്റ് - ഗ്രീൻ ലേസർ / ഹോൾമിയം ലേസർ ചികിത്സ: ഇൻഷുറൻസ് തുകയുടെ 30% വരെ, ഒരു പോളിസി കാലയളവിൽ പരമാവധി 2 ലക്ഷം രൂപ വരെ.
ഇൻട്രാ ഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിങ് (IONM): ഇൻഷുറൻസ് തുകയുടെ 15% വരെ, ഒരു പോളിസി കാലയളവിൽ പരമാവധി 1.5 ലക്ഷം രൂപ വരെ.
കോസ്മെറ്റിക് /പ്ലാസ്റ്റിക് സർജറി: അപകടം കാരണം അനിവാര്യമായി വരുന്ന കവറേജ് മാത്രമേ ലഭിക്കൂ
മുറി വാടകയും അനുബന്ധ ചെലവുകളും
അഞ്ച് ലക്ഷം രൂപ വരെ കവറേജ് ഉള്ള പോളിസികൾക്ക് പ്രതിദിനം മുറി വാടക, നഴ്സിങ് ചാർജസ് ഉൾപ്പെടെ 5000 രൂപയും, പത്ത് ലക്ഷം രൂപ മുതൽ കവറേജ് ലഭിക്കുന്ന പോളിസികൾക്ക് പ്രതിദിനം 10000 രൂപയും മുറി വാടക പരിധിയാണ്. ഇത് ഐ.സി.യു വാടക പോളിസികൾക്കുമേൽ യഥാക്രമം 10000 രൂപ, 20,000 രൂപ ആണ് പരിധി. ഈ തുകക്ക് മേലെ വരുന്ന വാടക സ്വയം വഹിക്കേണ്ടതാണ്. എന്നാൽ, ഉയർന്ന വാടകയിൽ ചികിത്സ തേടുന്നവർക്ക് വാടകക്ക് പുറമേ മറ്റു ചികിത്സകളുടെയും അനുബന്ധ സേവനങ്ങളുടെയും ചാർജ് മറ്റു റൂമുകളിൽ കിടന്നു ചികിത്സ തേടുന്ന രോഗികളെ അപേക്ഷിച്ചു കൂടുതലായിരിക്കും.
ഉദാഹരണത്തിന് സാധാരണ റൂമുകളിൽ താമസിക്കുന്നവർക്ക് ഒരു ഓപ്പറേഷന് മൂന്ന് ലക്ഷമാണ് ചിലവ് വരുന്നതെങ്കിൽ ഉയർന്ന റൂമുകളിൽ താമസിച്ച് ചികിത്സ തേടുന്നവർക്ക് ഇതിനേക്കാൾ വളരെ ഉയർന്ന ചിലവ് വരും. ഇത്തരം സന്ദർഭങ്ങളിൽ മുറി വാടകകൾക്ക് പുറമെ അധിക ചെലവും പോളിസി ഉടമ വഹിക്കേണ്ടിവരും.അതുപോലെ ആശുപത്രികൾ ഈടാക്കുന്ന രജിസ്ട്രേഷൻ ഫീസ്,അഡ്മിഷൻ ചാർജസ്, ചികിത്സയുമായി ബന്ധപ്പെടാത്ത മറ്റു സർവിസ് ചാർജുകൾ, കൺസ്യൂമബിൾസ് എന്നിവ ക്ലെയിം ചെയ്യാൻ ചെയ്യാൻ സാധിക്കില്ല.
ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ കാര്യങ്ങൾ മാത്രമാണ്. പോളിസിയിൽ പറഞ്ഞിട്ടുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി വായിച്ച് മനസ്സിലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

