നോർക്ക കെയർ പ്ലസ് ഇൻഷുറൻസ്; എൻറോൾമെന്റ് സമയപരിധി നീട്ടണമെന്ന് ആവശ്യമുയരുന്നു
text_fieldsദോഹ: നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ എന്ററോൾ ചെയ്യുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി മലയാളി സംഘടനകളും അപേക്ഷകരും രംഗത്ത്. അപേക്ഷാ പ്രക്രിയയിൽ നേരിടുന്ന സാങ്കേതിക തടസ്സങ്ങളും നോർക്ക ഐ.ഡി കാർഡ് ലഭിക്കുന്നതിലെ കാലതാമസവുമാണ് പലർക്കും അപേക്ഷ പൂർത്തീകരിക്കാൻ തിരിച്ചടിയാകുന്നത്. പദ്ധതിയിലേക്ക് അപേക്ഷിച്ച നിരവധി പ്രവാസികളുടെ അപേക്ഷകൾ വിവിധ സാങ്കേതിക കാരണങ്ങളാൽ നിലവിൽ പ്രോസസിങ്ങിലാണ്. സാങ്കേതിക തകരാറുകൾ മൂലം പലരുടെയും പേയ്മെന്റ് പൂർത്തിയാക്കാൻ സാധിക്കുന്നില്ല.
കൂടാതെ, ഇൻഷുറൻസിൽ ചേരുന്നതിനായി നോർക്ക ഐ.ഡി കാർഡിന് അപേക്ഷിച്ചവർക്ക് കാർഡ് പ്രൊസസ് ചെയ്തു ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഐ.ഡി കാർഡ് ലഭ്യമാകാത്തതിനാൽ ഇൻഷുറൻസ് പോളിസി എന്റോൾമെന്റ് പൂർത്തിയാക്കാൻ അപേക്ഷകർക്ക് സാധിക്കുന്നില്ല.ഈ സാഹചര്യത്തിൽ, അപേക്ഷാ തിയതി നീട്ടിനൽകുകയോ, നോർക്ക ഐ.ഡി ലഭിക്കാൻ കാത്തിരിക്കുന്നവർക്കും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അപേക്ഷകർക്കും എൻറോൾമെന്റ് പൂർത്തിയാക്കാൻ പ്രത്യേക സൗകര്യമൊരുക്കുകയോ വേണമെന്ന് ലോക കേരളസഭാ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു. കുറഞ്ഞ പ്രീമിയത്തിൽ കുടുംബത്തിന് മുഴുവൻ ചികിത്സാ പരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയായതിനാൽ, തീയതി നീട്ടി നൽകിയാൽ മാത്രമേ കൂടുതൽ പ്രവാസികൾക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകൂ എന്നും പ്രവാസികൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

