ടെൻഷൻ വേണ്ട; ഇനി 'നീറ്റാ'യി എഴുതാം
text_fieldsദോഹ: നീണ്ട സമ്മർദങ്ങൾക്കും മുറവിളിക്കുമൊടുവിൽ ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസമായി നീറ്റ് പരീക്ഷകേന്ദ്രങ്ങളുടെ പട്ടികയിൽ ദോഹയും ഇടംപിടിച്ചു. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് കാരണം പരീക്ഷയെഴുതാൻ പ്രയാസപ്പെട്ട വിദ്യാർഥികൾക്ക്, ഏറെ ആശ്വാസം പകരുന്നതാണ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനം. കഴിഞ്ഞ വർഷം കുവൈത്തിനും പിന്നാലെ ദുബൈയിലും പരീക്ഷകേന്ദ്രം അനുവദിച്ചപ്പോൾ തന്നെ ഇന്ത്യൻ എംബസി വഴിയും വിവിധ സംഘടനകൾ വഴിയും ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികളും കേന്ദ്ര സർക്കാറിനെയും മന്ത്രിമാരെയും സമീപിച്ച് പരീക്ഷകേന്ദ്രത്തിനായി ശ്രമിച്ചിരുന്നു. അവസാന നിമിഷം വരെ പ്രതീക്ഷ ഉയർന്നെങ്കിലും കുവൈത്ത്-ദുബൈ കേന്ദ്രങ്ങൾക്കുപുറമെ പുതിയ സെന്റർ അനുവദിക്കാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി തയാറായില്ല. എങ്കിലും, അടുത്തവർഷമെങ്കിലും കേന്ദ്രം ലഭിക്കണമെന്ന നിലയിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുൻകൈയെടുത്ത് നടത്തിയ ശ്രമഫലമായാണ് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റി'ന്റെ പരീക്ഷകേന്ദ്രങ്ങളിൽ ഒന്നായി ദോഹയെയും തിരഞ്ഞെടുത്തത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ അധികൃതർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു.
നിയമപോരാട്ടം നയിച്ചത് ഖത്തർ
കോവിഡ് വ്യാപനം രൂക്ഷമായ 2020ൽ നീറ്റ് പരീക്ഷകേന്ദ്രങ്ങൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി വരെ കേസിന് പോയത് ഖത്തറിലെ രക്ഷിതാക്കളും സംഘടനകളുമായിരുന്നു. പ്രവാസി രക്ഷിതാക്കളുടെ അപേക്ഷ, കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെങ്കിലും കോടതിയിൽ ചോദ്യം ചെയ്തത് എല്ലാവരുടെയും കണ്ണുതുറപ്പിക്കാൻ കാരണമായി. പക്ഷേ, സെൻററുകളൊന്നും അന്ന് അനുവദിച്ചില്ല.
കോവിഡ് കാരണം ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര മുടങ്ങിയതോടെ ജി.സി.സിയിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്കാണ് 'നീറ്റ്' മുടങ്ങിയത്. കഴിഞ്ഞ വർഷം എംബസിയും കെ.എം.സി.സി ഉൾപ്പെടെ വിവിധ സംഘടനകളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുൻ അനുഭവപശ്ചാത്തലത്തിൽ പരീക്ഷ മുടങ്ങാതിരിക്കാൻ നേരത്തെ തന്നെ വിദ്യാർഥികളും നാട്ടിലേക്ക് മടങ്ങിയാണ് പരീക്ഷയെഴുതിയത്.
ഖത്തറിൽ തന്നെ കേന്ദ്രം അനുവദിച്ചതിനാൽ സാമ്പത്തിക ചെലവ് കുറക്കാനും വിദ്യാർഥികളുടെ സമ്മർദം ഒഴിവാക്കാനുമാകും. ഖത്തറിലെ 18ഓളം ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന 300 മുതൽ 400 വരെ വിദ്യാർഥികൾ ഓരോ വർഷവും മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്നുണ്ട്.
ജാഗ്രതയോടെ അപേക്ഷ സമർപ്പിക്കാം
ദോഹ: ഗൾഫ് നാടുകളിലിരുന്ന് സ്കൂൾ ബോർഡ് പരീക്ഷകൾ എഴുതിയതിനുശേഷം 'നീറ്റ്' പ്രവേശന പരീക്ഷക്കുവേണ്ടി മാത്രം നാട്ടിലേക്ക് പോകേണ്ടിവരുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കാണ് പുതിയ, പരീക്ഷകേന്ദ്രം അനുവദിച്ച തീരുമാനം പ്രയോജനകരമാവുന്നത്. ജോലി സംബന്ധമായും യാത്രസംബന്ധമായും ഉണ്ടാകാനിടയുള്ള അസൗകര്യങ്ങളിൽ നിന്ന് മോചനമുണ്ടാവുമെന്ന വലിയ ആശ്വാസത്തോടെയാണ് പ്രവാസികൾ ഈ വാർത്തയെ എതിരേൽക്കുന്നത്. 'നീറ്റ്' പരീക്ഷക്ക് മേയ് ഏഴുവരെയാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം. ദോഹ അടക്കമുള്ള കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ജാഗ്രതയോടെ പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കണം. ഒരിക്കൽ അനുവദിക്കപ്പെട്ട പരീക്ഷകേന്ദ്രം മാറ്റാൻ പിന്നീട് അവസരമുണ്ടാവില്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന ഇ-മെയിൽ വിലാസവും വിദ്യാർഥികളുടെയോ രക്ഷിതാക്കളുടെയോ ആണെന്ന് ഉറപ്പുവരുത്തണം.
ഇന്ത്യയിലെവിടെയും മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലെ പ്രവേശനം നീറ്റ് പ്രവേശന പരീക്ഷ വഴിയായിരിക്കും. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്നവരും 'നീറ്റ്' യോഗ്യത നേടേണ്ടതുണ്ട്. കൂടാതെ കേരളത്തിലെ സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ കേരള എൻട്രൻസ് കമീഷണറുടെ വെബ്സൈറ്റിലൂടെ ഏപ്രിൽ 30നകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ അപേക്ഷ സമർപ്പിക്കാത്തപക്ഷം നീറ്റ് പരീക്ഷയിൽ മികച്ച സ്കോർ നേടിയാലും കേരളത്തിലെ പ്രവേശന നടപടികളിൽ ഉൾപ്പെടാനാവില്ല.
അതുപോലെ എൻ.ഐ.ടികളും ഐ.ഐ.ടികളും ഒഴികെയുള്ള സ്ഥാപനങ്ങളിലെ ആർക്കിടെക്ചർ ബിരുദ കോഴ്സിന്റെ (ബി.ആർക്ക്) പ്രവേശനം കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന ദേശീയതല അഭിരുചി പരീക്ഷയായ 'നാറ്റ' വഴിയാണെങ്കിലും കേരളത്തിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ എൻട്രൻസ് കമീഷണറുടെ വെബ്സൈറ്റിലൂടെ ഏപ്രിൽ 30നകം അപേക്ഷിക്കണം.
മെഡിക്കൽ, ഡെന്റൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ, ആർക്കിടെക്ചർ എന്നിവയിലെ പ്രവേശനത്തിനായി കേരളത്തിൽ പ്രത്യേകം എൻട്രൻസ് നടത്തുന്നില്ല.
എൻ.ഐ.ടികൾ ഉൾപ്പെടെ മുൻനിര സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡമായിട്ടുള്ള ജെ.ഇ.ഇ മെയിൻ പരീക്ഷക്ക് ദോഹയിൽ ആദ്യമേ തന്നെ കേന്ദ്രമുള്ളത് വിദ്യാർഥികൾക്ക് സൗകര്യപ്രദമാണ്. എന്നാൽ കേരളത്തിലെ എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനായി കേരള എൻട്രൻസ് പരീക്ഷ കമീഷണർ നടത്തുന്ന പ്രവേശന പരീക്ഷക്ക് ദുബൈ ഒഴികെയുള്ള മറ്റു ഗൾഫ് നാടുകളിൽ പരീക്ഷകേന്ദ്രം അനുവദിക്കാത്തത് ഏറെ പ്രയാസകരമാണ്.
ഗൾഫ് നാടുകളിൽ നിന്ന് വിദ്യാർഥികൾ വ്യാപകമായി അപേക്ഷ സമർപ്പിക്കുന്ന കേരള എൻട്രൻസ് പരീക്ഷക്കും ഈ വർഷം മുതൽതന്നെ ദോഹയടക്കമുള്ള ഗൾഫ് നാടുകളിൽ പരീക്ഷകേന്ദ്രം അനുവദിക്കാൻ കേരള സർക്കാറും പരീക്ഷ കമീഷണറും അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
- പി.ടി. ഫിറോസ്
കുട്ടികളുടെ ആശങ്ക ഒഴിഞ്ഞു
'ബോർഡ് എക്സാം കഴിഞ്ഞ് നീറ്റ് പരീക്ഷക്ക് ഒരുമാസം മാത്രമാണ് കുട്ടികൾക്ക് ഒരുങ്ങാൻ സാവകാശമുള്ളത്. വിദ്യാർഥികൾ മത്സര പരീക്ഷക്ക് സജീവമായി ഒരുങ്ങേണ്ട ഈ സമയത്ത് നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാകുന്നുവെന്നതാണ് വലിയ ആശ്വാസം. ഇത്തവണ ജി.സി.സി രാജ്യങ്ങളിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പരീക്ഷക്കുള്ള യാത്രക്കും മറ്റുമായി ആലോചിച്ച് ടെൻഷനടിക്കാതെ, ആ സമയം കൂടി പരീക്ഷക്കായി ഒരുങ്ങാം. ഇത് മാനസികമായി പരീക്ഷക്ക് ഒരുങ്ങാനും സഹായിക്കും' -
എ.എം. മുഹമ്മദ് അഷ്റഫ്
(ബ്രില്യന്റ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് -ദോഹ)