ഭീകരതയോട് സന്ധിയില്ല; നിലപാട് വിശദീകരിച്ച് ഇന്ത്യ
text_fieldsസുപ്രിയ സുലെ, ആനന്ദ് ശർമ, മനീഷ് തിവാരി, അനുരാഗ് സിങ് ഠാകുർ എന്നിവർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ
അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: രണ്ടു ദിവസങ്ങളിലായി തിരക്കിട്ട ചർച്ചകളും, ഉന്നതതല കൂടിക്കാഴ്ചകളും പൂർത്തിയാക്കി ഇന്ത്യയുടെ നിലപാട് ലോകത്തിന് മുമ്പാകെ ബോധ്യപ്പെടുത്തി സർവകക്ഷി സംഘത്തിന്റെ ഖത്തർ സന്ദർശനം. എൻ.സി.പി നേതാവും പാർലമെന്റ് അംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പര്യടനം ഞായർ, തിങ്കൾ ദിവസങ്ങളിലായി പൂർത്തിയാക്കി. ആദ്യ ദിനത്തിൽ ഖത്തറിലെ പാർലമെന്റ് സമിതിയായ ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതി, ഖത്തറിലെ പ്രമുഖ അറബി, ഇംഗ്ലീഷ് മാധ്യമ ഗ്രൂപ്പായ അൽ ശർഖ്-ദ പെനിൻസുല എഡിറ്റോറിയൽ പ്രതിനിധികൾ, അന്താരാഷ്ട്ര നയതന്ത്ര, രാഷ്ട്രീയ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന മിഡിലീസ്റ്റ് കൗൺസിൽ ഫോർ ഗ്ലോബൽ അഫയേഴ്സ് അംഗങ്ങൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തി ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയുടെ നയവും, ഓപറേഷൻ സിന്ദൂറും, പാകിസ്താൻ ഉയർത്തുന്ന ഭീകരവാദ ഭീഷണികളും ശ്രദ്ധയിലെത്തിച്ചു.
ഓപറേഷൻ സിന്ദൂർ വിശദീകരിക്കാനായി ഖത്തറിലെത്തിയ ഇന്ത്യൻ സർവകക്ഷി സംഘം മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നു
രണ്ടാം ദിനമായ തിങ്കളാഴ്ച രാവിലെ ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയുമായും, ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് ആൽ ഥാനിയുമായും കൂടിക്കാഴ്ച നടത്തി. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകൾ ഫലപ്രദമായിരുന്നുവെന്നും, കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ കാലം രാജ്യം നേരിടുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ദുരന്തഫലങ്ങൾ അധികൃതർക്ക് മുമ്പാകെ ബോധ്യപ്പെടുത്തിയെന്നും ഇന്ത്യൻ പ്രതിനിധിസംഘം വ്യക്തമാക്കി. പ്രതിനിധിസംഘത്തിന്റെ സന്ദർശനത്തെ ആഭ്യന്തര സഹമന്ത്രി അഭിനന്ദിക്കുകയും ഭീകരതക്കെതിരായ ഖത്തറിന്റെ ഉറച്ച നിലപാട് ആവർത്തിക്കുകയും ചെയ്തു.
ഇതാദ്യമായല്ല അതിർത്തികടന്നുള്ള ഭീകരാക്രമണത്തിന് ഇന്ത്യ ഇരയാകുന്നതെന്ന് മാധ്യമ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ചോദ്യത്തിനുത്തരമായ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ പറഞ്ഞു. പാർലമെന്റ് ആക്രമണവും, 2008ൽ മുംബൈ ഭീകരാക്രമണവും, ഉറിയിലേതുൾപ്പെടെ നിരവധി ആക്രമണങ്ങൾക്കും ഇന്ത്യ വിധേയമായിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ പാകിസ്താൻ പിന്തുണക്കുന്ന ഭീകര സംഘടനകളാണെന്ന് തെളിവുകൾ സഹിതം വ്യക്തമായതാണെന്നും സ്വന്തം രാജ്യത്തെയും ജനങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്നത് അടിസ്ഥാന ആവശ്യമാണെന്നും, ഇതിനെതിരെ ആഗോള പിന്തുണ ഉറപ്പാക്കുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ആനന്ദ് ശർമ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഭീകരകേന്ദ്രങ്ങൾക്കെതിരായിരുന്നു ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ എന്നും അദ്ദേഹം വിശദീകരിച്ചു. ദേശീയ നയംതന്നെ രൂപപ്പെടുത്തി പാകിസ്താൻ ഇന്ത്യയിലേക്ക് ഭീകരാക്രമണങ്ങൾ സ്പോൺസർ ചെയ്യുന്നുവെന്ന് ലോകത്തിന് മുമ്പാകെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഖത്തർ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് ആൽഥാനിക്കൊപ്പം
ദ്വിദിന സന്ദർശനം പൂർത്തിയാക്കിയ ഒമ്പതംഗ സംഘം ചൊവ്വാഴ്ച രാവിലെ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും. തുടർന്ന് ഇത്യോപ്യ, ഈജിപ്ത് സന്ദർശനത്തോടെ ദൗത്യം പൂർത്തിയാക്കി മടങ്ങും. കേരളത്തിൽനിന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉൾപ്പെടുന്ന സംഘത്തിൽ എം.പിമാരായ രാജീവ് പ്രതാപ് റുഡി (ബി.ജെ.പി), വിക്രംജിത് സിങ് സാഹ്നി (എ.എ.പി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് ഠാകുർ (ബി.ജെ.പി), ലവ്റു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), മുൻ വ്യവസായ മന്ത്രി ആനന്ദ് ശർമ (കോൺഗ്രസ്), യു.എന്നിലെ മുൻ സ്ഥിരം പ്രതിനിധിയും മുൻ വിദേശകാര്യ വക്താവുമായ സയ്യിദ് അക്ബറുദ്ദീൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
കൂടിക്കാഴ്ചകൾ ഫലപ്രദം -സുപ്രിയ സുലെ
ദോഹ: ഇന്ത്യയുടെ ആത്മാവിനെതിരായ ആക്രമണമായിരുന്നു പഹൽഗാമിലെ ഭീകരാക്രമണം. നിരപരാധികളുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുകയാണ് 33 രാജ്യങ്ങളിലേക്കായി നിയോഗിക്കപ്പെട്ട പ്രതിനിധി സന്ദർശനത്തിന്റെ ദൗത്യമെന്ന് ഖത്തറിലേക്കുള്ള സംഘത്തെ നയിച്ച സുപ്രിയ സുലെ എം.പി പറഞ്ഞു.
ഓരോ കൂടിക്കാഴ്ചകളിലും ഇന്ത്യൻ പ്രതിനിധിസംഘത്തിന് ഊഷ്മളമായ സ്വീകരണമായിരുന്നു ലഭിച്ചതെന്നും, ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും അവർ വിശദീകരിച്ചു. ഈ ചർച്ചകളും സന്ദർശനവും തുടക്കം മാത്രമാണ്. വിവിധ ഘട്ടങ്ങളിലായി ഇതിന്റെ തുടർച്ചയുണ്ടാകും.
സുപ്രിയ സുലെ ശൂറ കൗൺസിൽ അംഗങ്ങൾക്കൊപ്പം
സന്ദർശനത്തിന്റെ ഭാഗമായി ദോഹയിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ശക്തമായ തെളിവുകൾ നിരത്തിത്തന്നെയായിരുന്നു ഓരോ കൂടിക്കാഴ്ചകളിലും ഇന്ത്യയുടെ ന്യായങ്ങൾ ബോധ്യപ്പെടുത്തിയത്. എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും തള്ളുന്നതായി വ്യക്തമാക്കിയ ഖത്തർ, ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാടിന് പിന്തുണ വ്യക്തമാക്കിയതായും അവർ പറഞ്ഞു.
140 കോടി ഇന്ത്യക്കാരുടെ ശബ്ദം -രാജീവ് പ്രതാപ് റൂഡി
ദോഹ: ഇന്ത്യയുടെ 140 കോടി ജനങ്ങളുടെ പ്രതിനിധികളാണ് വിവിധ രാജ്യങ്ങളിലേക്കുള്ള സർവകക്ഷി സംഘമെന്ന് രാജീവ് പ്രതാപ് റൂഢി എം.പി പറഞ്ഞു. ജനാധിപത്യ വൈവിധ്യം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ മുഴുവൻ പ്രാതിനിധ്യമാണ് സർവകക്ഷി പ്രതിനിധികൾ.
എൻ.സി.പി നേതാവ് നയിക്കുന്ന സംഘത്തിൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ബി.ജെ.പി, ടി.ഡി.പി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുമുണ്ട്. അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ ഇന്ത്യയുടെ വികാരത്തിനൊപ്പം -വി. മുരളീധരൻ
ദോഹ: ഭീകരവാദത്തിനെതിരായ പൊതു അഭിപ്രായം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ നിയോഗിക്കപ്പെട്ട സംഘത്തിന്റെ ഖത്തറിലെ സന്ദർശനം ഫലപ്രദമായിരുന്നുവെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മന്ത്രിമാർ, ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ, അംഗങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ നേരിടുന്ന പ്രത്യേക സാഹചര്യം വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു.
വി. മുരളീധരൻ
പാകിസ്താൻ പിന്തുണക്കുന്ന ഭീകരവാദത്തെ ലോകത്തിന് മുമ്പാകെ തുറന്നുകാണിക്കുകയാണ് സർവകക്ഷി സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു രാജ്യത്തിന്റെ പിന്തുണയോടെ, അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഇരയാകുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. ചർച്ചകളിൽ ഈ സാഹചര്യം വിശദീകരിക്കുകയും, ആഗോള പിന്തുണ ഉറപ്പാക്കാനും കഴിഞ്ഞു.
പൗരസമൂഹ പ്രതിനിധികൾ, ഖത്തരി മന്ത്രിമാർ, നേതാക്കൾ എന്നിവർ ഇന്ത്യയുടെ വികാരങ്ങളോടൊപ്പമാണ്.ഭീകരവാദത്തെ ചെറുക്കുന്നതിലും, വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നതിലും ഇന്ത്യക്കും ഖത്തറിനും ഏകാഭിപ്രായമാണുള്ളത്.
ആഗോള ഭീകരവാദത്തിനെതിരെ ഏകസ്വരത്തിൽ ശബ്ദമുയർത്തുമെന്നും കൂടിക്കാഴ്ചകളിൽ വ്യക്തമാക്കിയതായി വി. മുരളീധരൻ പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടം ഈ സന്ദർശനത്തോടെ അവസാനിക്കില്ലെന്നും, പൂർണമായും തുടച്ചുനീക്കുന്നതുവരെ ലോകരാജ്യങ്ങളുമായി ചേർന്നുനിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ പിന്തുണയോടെ ഭീകരർ പഹൽഗാമിൽ നടത്തിയ ആക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ലക്ഷ്യസ്ഥാനങ്ങളിൽ തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യയെന്നും, ഒപാറേഷൻ സിന്ദൂർ നടപടികൾ സംഘം ഖത്തരി പ്രതിനിധികൾക്കു മുമ്പാകെ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

