അൽ സുബാറയിൽ ഇനി മാലിന്യം തൊടില്ല
text_fields1. അൽ സുബാറയിലെ കടലിൽ സ്ഥാപിച്ച ത്രാഷ് ഭൂം, 2. അൽ സുബാറ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി ത്രാഷ് ഭൂം ഉദ്ഘാടന ചടങ്ങിൽ ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ആൽ ഥാനി പങ്കെടുക്കുന്നു
ദോഹ: ഐക്യരാഷ്ട്രസഭയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഖത്തറിന്റെ ആദ്യകാല തീരനഗരം അൽ സുബാറക്ക് കരുത്തായി ഇനി കടലിലൊരു അദൃശ്യഭിത്തി. ഖത്തർ മ്യൂസിയത്തിനു കീഴിലെ കൾചറൽ ഹെറിറ്റേജ് പ്രൊട്ടക്ഷൻ വിഭാഗത്തിനു കീഴിലാണ് അൽ സുബാറ തീരത്ത് സമുദ്ര മാലിന്യങ്ങളെ തടയുന്നതിനായി ഒരു വടംപോലെ ‘ത്രാഷ് ഭൂം’ പ്രോജക്ട് നിർമാണം പൂർത്തിയാക്കിയത്. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽ ഥാനി, ഒറിക്സ് ജി.ടി.എൽ സി.ഇ.ഒ ശൈഖ് ഥാനി ബിൻ താമിർ ആൽ ഥാനി, റാസ്ലഫാൻ കൺസോർട്ട്യം പ്രതിനിധികൾ ഉൾപ്പെടെ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഖത്തർ മ്യൂസിയം പ്രഖ്യാപിച്ച പദ്ധതിയെന്നോണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി, മേഖലയുടെ സംരക്ഷണത്തിന് വഴിയൊരുക്കിയത്. യുനെസ്കോയിൽ ഇടം നേടിയ ഖത്തറിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള അൽ സുബാറയെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സമുദ്രമാലിന്യങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്ന ത്രാഷ് ഭൂം പ്രോജക്ട് ആരംഭിച്ചത്. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അൽ സുബാറ ഖത്തറിന്റെ വടക്കു പടിഞ്ഞാറൻ തീരമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 18ാം നൂറ്റാണ്ടിൽ ഖത്തറിന്റെ പ്രാരംഭകാലത്തെ ചരിത്ര ശേഷിപ്പുകളായി കോട്ടയും മറ്റും സ്ഥിതി ചെയ്യുന്ന അൽ സുബാറയെ കടലിൽനിന്നും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽ നിന്നും പാരിസ്ഥിതിക വെല്ലുവിളികളിൽ നിന്നും ചെറുക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ദൈർഘ്യമേറിയ വടം കടലിൽ വിരിച്ചത്.
റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി കമ്യൂണിറ്റി ഔട്റീച്ചുമായി സഹകരിച്ചാണ് അൽ സുബാറ ത്രാഷ് ഭൂം തയാറാക്കിയത്. വടം പോലെ കടൽത്തീരത്തേക്കിറങ്ങി, വിരിച്ചിട്ടിരിക്കുന്ന ഇവ കണ്ണികൾ പോലെയാണ് കിടക്കുന്നത്. ഇതുവഴി, തിരമാലകൾക്കൊപ്പം എത്തുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാതരം മാലിന്യങ്ങളെയും തീരത്തടുക്കുന്നതിൽ നിന്ന് തടയുന്നു. ഇവിടെ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ കഴിയും. ഒപ്പം, കടൽത്തീരങ്ങൾ മാലിന്യ മുക്തമാക്കാനും സാധിക്കുമെന്നതാണ് മിച്ചം.
യുനെസ്കോ ലോക പൈതൃക കേന്ദ്രമെന്ന നിലയിൽ, അൽ സുബാറ ഖത്തറിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നുവെന്ന് ശൈഖ അൽ മയാസ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതുപോലെ സാംസ്കാരിക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിന് സുസ്ഥിരമായ മാർഗങ്ങൾ ആവശ്യമാണെന്നും അവർ ഓർമിപ്പിച്ചു.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മാർഗങ്ങളിലൂടെ സാംസ്കാരിക പൈതൃക സ്ഥലങ്ങൾ സംരക്ഷിക്കുകയെന്ന ഖത്തർ മ്യൂസിയത്തിന്റെ പദ്ധതിയുടെ ഉദാഹരണമാണ് അൽ സുബാറ ത്രാഷ് ഭൂം പ്രോജക്ട് എന്ന് ഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് സഅ്ദ് അൽ റുമൈഹി പറഞ്ഞു.
പൈതൃക ഭൂമി സംരക്ഷണത്തിനൊപ്പം, പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ ബോധവത്കരണം കൂടിയാണ് ഈ പദ്ധതിയെന്ന് ഹെറിറ്റേജ് പ്രൊട്ടക്ഷൻ വിഭാഗം ഡയറക്ടർ അബ്ദുല്ലത്തീഫ് അൽ ജാസ്മി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

