സാമൂഹ്യ സേവനം വിശ്വാസികളുടെ ബാധ്യത -നിസാർ സഖാഫി
text_fieldsദോഹ: സാമൂഹിക സേവനം വിശ്വാസികളുടെ ബാധ്യതയാണെന്നും വളർന്നുവരുന്ന തലമുറ ഈ ഉത്തരവാദിത്തം നിർവഹിക്കാൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് പറഞ്ഞു.
ഐ.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റിയുടെ ഓപറേഷൻ അഫയേഴ്സ് ഡയറക്ടറേറ്റ് ‘ലെൻസ്’ എന്നപേരിൽ സംഘടിപ്പിച്ച ശിൽപശാലയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹിക ജീവിയായ മനുഷ്യൻ തന്റെ ചുറ്റുപാടുകളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും വേദന അനുഭവിക്കുന്നവർക്ക് താങ്ങാവുകയും വേണം. ഐ.സി.എഫ് നടത്തുന്ന ബഹുമുഖ പദ്ധതികൾ ഈ ലക്ഷ്യത്തിൽ ഊന്നിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് കേരളത്തിലെ അത്യാവശ്യമായ മൂന്ന് കേന്ദ്രങ്ങളിൽ സൗജന്യ ഓക്സിജൻ പ്ലാന്റ് ഐ.സി.എഫ് സ്ഥാപിച്ചുനൽകിയിരുന്നു. ഇക്കാലത്ത് ഭക്ഷണത്തിനും താമസത്തിനും പ്രയാസമനുഭവിച്ച പ്രവാസികളായ നിരവധി ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചുനൽകാനും നാട്ടിലേക്ക് പോകാൻ സൗജന്യ ടിക്കറ്റ് നൽകി നിരവധി ആളുകൾക്ക് ആശ്വാസം പകരാനും സാധിച്ചിട്ടുണ്ട്.
ഓട്ടിസം ബാധിച്ച ആയിരം കുട്ടികളെ ഏറ്റെടുക്കുന്ന പദ്ധതിയും നടപ്പാക്കിവരുന്നു. ഓൺലൈനിൽ നടന്ന ശിൽപശാലയിൽ ഐ.സി.എഫ് ഖത്തർ സംഘടനകാര്യ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷതവഹിച്ചു. നാഷനൽ പ്രസിഡന്റ് അഹ്മദ് സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി. പി.ആർ ആൻഡ് മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട സ്വാഗതവും സംഘടന കാര്യ സെക്രട്ടറി ഉമർ കുണ്ടുതോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

