നിലമ്പൂർ പോരിന്റെ ചൂടിൽ പ്രവാസവും
text_fieldsദോഹ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചൂടിൽ രാഷ്ട്രീയ കേരളം തിളച്ചുമറിയുമ്പോൾ പ്രവാസത്തിലും വോട്ടഭ്യർഥനയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും സജീവം. ഇടതു വലത് മുന്നണികളും മുൻ എം.എൽ.എ പി.വി അൻവറും മത്സരരംഗത്തെത്തിയതോടെ ശക്തമായ ത്രികോണ മത്സര വേദിയായ നിലമ്പൂരിൽ വോട്ടഭ്യർഥനയുമായി ഖത്തറിലെ പ്രവാസികൾക്കും തെരഞ്ഞെടുപ്പ് ആവേശക്കാലം.
നാട്ടിലെന്നപോലെ, നിലമ്പൂരിൽനിന്നുള്ള വോട്ടർമാർക്ക് പുറമെ, വിവിധ മണ്ഡലങ്ങളിൽനിന്നുള്ള ഇരു മുന്നണികളുടെ പ്രവർത്തകരും പ്രവാസ മണ്ണ് കേന്ദ്രീകരിച്ച് വോട്ട് അഭ്യർഥനയും പ്രചാരണവും സജീവമാണ്.
പ്രചാരണ ബഹളങ്ങൾക്ക് ചൊവ്വാഴ്ച അന്ത്യമായതോടെ നാട്ടിലേക്ക് ഫോൺ വിളിച്ചും, പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും വോട്ടുറപ്പിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ബഹളം പ്രവാസത്തിലുണ്ട്. വീറും വാശിയും കൂടിയതോടെ മണ്ഡലത്തിലെ വോട്ടർമാരിൽ ഒരു വിഭാഗം വോട്ട് ചെയ്യാനായി ഇതിനകം നാട്ടിലുമെത്തിക്കഴിഞ്ഞു. നിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച വിവിധ ജി.സി.സി രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ പരിപാടി നടത്തി. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്റെ വിജയത്തിനായി യുവകലാസാഹിതി ഖത്തർ അഭ്യർഥിച്ചു.
ജനാധിപത്യ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ജാതി, മത, വർഗീയ ശക്തികളുടെ കൂട്ടുകെട്ടിനെ തള്ളിക്കളയണമെന്നും നാടിന്റെ പുരോഗതിക്കും നേരിന്റെ രാഷ്ട്രീയത്തിനുമായി വോട്ടുചെയ്യണമെന്നും യുവകലാസാഹിതി ഖത്തർ അഭ്യർഥിച്ചു.
ഷാൻ പേഴുമൂട് അധ്യക്ഷതവഴിച്ചു. സെക്രട്ടറി ഷഹീർ ഷാനു, കോഓഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, അസിസ്റ്റന്റ് സെക്രട്ടറി സിറാജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം ഉറപ്പുവരുത്താൻ പ്രവാസി വെൽഫെയർ നിലമ്പൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള മുഖ്യപ്രഭാഷണം നിർവഹിച്ചു. നിലമ്പൂർ മണ്ഡലം പ്രസിഡന്റ് സബക് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

