ഖത്തറിൽ നിക്കാഹ്; ലളിതമാണ് നടപടിക്രമങ്ങൾ
text_fieldsഎം.എം അബ്ദുൽ ജലീൽ (തൃശൂർ), ഐൻഖാലിദ്
ഇന്ത്യക്കാർക്ക് ഖത്തറിൽ വിവാഹം നടത്താനുള്ള നടപടിക്രമങ്ങൾ പ്രയാസകരമാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ചില വിഡിയോകൾ പ്രചരിക്കുന്നുണ്ട്. അടുത്തിടെ എെൻറ മകെൻറ നിക്കാഹ് ദോഹയിൽ നടത്തിയിരുന്നു. ഇതിനാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. വളരെ ലളിതമാണ് ഖത്തറിലെ നടപടിക്രമങ്ങൾ എന്നാണ് എെൻറ അനുഭവം. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോവാൻ കഴിയാത്ത സാഹചര്യത്തിൽ ദോഹയിൽ വിവാഹകർമങ്ങൾ നടത്താൻ ഏറെ പേർ ആഗ്രഹിക്കുന്നുണ്ട്. അത്തരമാളുകൾക്ക് പ്രയോജനപ്പെടുമെന്ന് കരുതിയാണ് ഈ കുറിപ്പ്.
ഖത്തറിൽ സ്ഥിരതാമസക്കാരായ വധൂവരന്മാരുടെ കാര്യമാണ് സൂചിപ്പിക്കുന്നത്. ആദ്യം അൽസദ്ദിലുള്ള കുടുംബകോടതിയിൽ വിവാഹം നടത്താൻ ഉദ്ദേശിക്കുന്ന തീയതി കാണിച്ച് രജിസ്റ്റർ ചെയ്യണം. നേരിട്ട് എത്തിയാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കോടതിയിലെ കാര്യങ്ങൾ ശരിയാക്കിക്കിട്ടും. ഇവിടെനിന്ന് വിവാഹകർമം നടത്തിത്തരാൻ ചുമതലപ്പെടുത്തിയ പ്രതിനിധിയുടെ പേരും ഫോൺ നമ്പറും ലഭ്യമാക്കും. ഇദ്ദേഹമാണ് വിവാഹത്തിന് കാർമികത്വം വഹിക്കുക. അതായത് ഖാദി. അദ്ദേഹത്തെ നേരിട്ട് വിളിച്ച് സമയവും സ്ഥലവും പറഞ്ഞുകൊടുത്താൽ അവർ ആവശ്യമായ ഫോറങ്ങളും മറ്റുമായി നിക്കാഹ് നടത്തുന്ന സ്ഥലത്ത് നിശ്ചിത സമയത്തു തന്നെ വരും. കോടതി ചുമതലപ്പെടുത്തിയ വ്യക്തി വരനോടും വധുവിനോടും വിവരങ്ങൾ ചോദിച്ചറിയും.
വിവാഹത്തിന് സമ്മതമാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞതിനു ശേഷം നിശ്ചിത സമ്മതപത്രത്തിൽ രണ്ടു പേരെക്കൊണ്ടും ഒപ്പുവെപ്പിക്കും. ശേഷം അദ്ദേഹം തന്നെ നിക്കാഹ് നടത്തികൊടുക്കും. അതിന് മുന്നോടിയായി വധൂവരന്മാർ അംഗീകൃത സ്വകാര്യ ക്ലിനിക്കുകളിൽനിന്ന് പ്രീമരിറ്റൽ മെഡിക്കൽ എടുക്കണം. ഇതിന് ഒരാൾക്ക് ആയിരം റിയാലാണ് വേണ്ടത്. ഈ സർട്ടിഫിക്കറ്റ് ഒരാഴ്ചക്കുള്ളിൽ കിട്ടും. നിക്കാഹ് സമയത്ത് മെഡിക്കൽ സർട്ടിഫിക്കറ്റ്, വധൂവരന്മാരുടെ ഒറിജിനൽ ഖത്തർ ഐ.ഡി കാർഡ്, വധുവിെൻറ പിതാവിെൻറയും രണ്ടു സാക്ഷികളുടെയും ഒറിജിനൽ ഖത്തർ ഐ.ഡിയും കോപ്പിയും എന്നിവ കരുതണം. അത്രയും കാര്യങ്ങളേ കോടതി വഴി നടത്തുന്ന നിക്കാഹിന് ഇവിടെ ആവശ്യമുള്ളൂ. രണ്ട് ദിവസത്തിനുള്ളിൽ കോടതിയിൽനിന്നുള്ള ഔദ്യോഗിക മാരേജ് സർട്ടിഫിക്കറ്റ് കൈയിൽ കിട്ടുകയും ചെയ്യും.
ഈ സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസിയിൽനിന്ന് അറ്റസ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ അംഗീകൃത ടൈപ്പിങ് സെൻററിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യണം. ഇതിന് നിയമസാധുത ഉണ്ടാക്കാനായി ഖത്തർ ചേംബറിൽനിന്ന് അറ്റസ്റ്റ് ചെയ്യിക്കണം. ചേംബറിെൻറ ഓഫിസിൽ നേരിട്ട് പോയാൽ പെട്ടെന്നു തന്നെ ഇത് നടത്തിത്തരും. 100 റിയാലാണ് ഫീസ്. ശേഷം ഖത്തർ വിദേശകാര്യമന്ത്രാലയത്തിൽ അറ്റസ്റ്റ് ചെയ്യണം. ഇതും നേരിട്ട് പോയാൽ അപ്പോൾ തന്നെ ചെയ്തുകിട്ടുന്നതാണ്. ഇവിടെയും 100 റിയാലാണ് ഫീസ്. അതിനു ശേഷം മാത്രമാണ് എംബസി അറ്റസ്റ്റ് ചെയ്യുക. എല്ലാത്തിനും ഒറിജിനൽ രേഖകളുമായാണ് പോകേണ്ടത്. കോവിഡ്കാലമായതിനാൽ വിവാഹചടങ്ങിലെ ആളുകളുടെ പ്രാതിനിധ്യം, പങ്കെടുക്കുന്നവരുടെ എണ്ണം തുടങ്ങിയവ കോവിഡ്നടപടികൾ പാലിച്ചായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

