സ്നേഹവും സന്തോഷവും പങ്കുവെച്ച ഖത്തർ സ്നേഹ സാന്ത്വന സംഗമം
text_fieldsനിയാർക് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹ സാന്ത്വനം പരിപാടിയിൽനിന്ന്
ദോഹ: നിയാർക് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസിക ഉല്ലാസം നൽകുന്നതിനായി നിയാർക് അക്കാദമിയിൽ സംഘടിപ്പിച്ച ‘സ്നേഹ സാന്ത്വനം’ ശ്രദ്ധേയമായി.നിയാർക് കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഖത്തറിലും നാട്ടിലും പ്രവർത്തിക്കുന്ന ഗായകരായ സമീർ കണ്ണൂർ, ഹംസ പട്ടുവം, അഫ്സൽ ഷാ, നൗഷാദ്, ആതിര, ആമിന മിതവ എന്നിവർ ഒരുക്കിയ ഗാനമേളയും കലാഭവൻ അസ്കറും മകൻ സെഹ്ദും അവതരിപ്പിച്ച മാജിക് ഡാൻസും പരിപാടിക്ക് നിറം പകർന്നു. കുട്ടികൾ ആടിയും പാടിയും, കളിച്ചും ചിരിച്ചും സന്തോഷം പങ്കുവെച്ചപ്പോൾ, രക്ഷിതാക്കൾക്കും ഒരു ദിവസം മുഴുവൻ എല്ലാം മറന്ന് ആസ്വദിക്കാനുള്ള വേദിയായി പരിപാടി മാറി. എല്ലാ കുട്ടികൾക്കും മനോഹരമായ സമ്മാനങ്ങളും നൽകി.
പരിപാടിക്ക് മുന്നോടിയായി നടന്ന സാംസ്കാരിക സംഗമം യുവഗായികയും സീ.ടി.വി ബെസ്റ്റ് പെർഫോമൻസ് വിന്നറുമായ യുംന അജിൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുസ്തഫ എം.വി. അധ്യക്ഷനായി. നിയാർക് ജനറൽ സെക്രട്ടറി യൂനുസ് ടി.കെ. മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ.പി. ‘നിയാർക് ഇന്ന് നാളെ’ എന്ന വിഷയത്തിൽ മാർഗരേഖ നൽകി. ചാപ്റ്റർ പ്രസിഡന്റ് ഷാനഹാസ് എടോടി, സയ്യിദ് ജാഫർ എന്നിവർ ഓൺലൈനായി സംസാരിച്ചു. മുഖ്യാതിഥിക്കുള്ള ഉപഹാരം യാസിർ സമർപ്പിച്ചു.
വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് സാലി ബാത്ത, നൗഷാദ്, താഹ ബർഗൈവ, സലീം ബി.ടി.കെ. (സ്നേഹതീരം ഖത്തർ), കെ.ജി. റഷീദ് (ഗുൽ മുഹമ്മദ് ഫൗണ്ടേഷൻ), കൃഷ്ണൻ, ബഷീർ, സൈൻ ബാഫഖി, ഇസ്മായിൽ എം.വി. എന്നിവർ സംസാരിച്ചു. ഖത്തർ വ്യവസായി മുസ്തഫ ടി.കെ. നിയാർക്കിനുള്ള പ്രവർത്തന ഫണ്ട് കൈമാറി. കൺവീനർ ഫൈസൽ മൂസ സ്വാഗതവും നിയാർക് ടെക്നിക്കൽ ഹെഡ് അർഷക് ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഖത്തറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി കേരളത്തിൽ മെഡിക്കൽ പഠനം പൂർത്തിയാക്കി, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്യുന്ന കൊയിലാണ്ടി സ്വദേശികളായ യുവ ഡോക്ടർമാരായ ഫാദിൽ മുസ്തഫ, ഫൈസ് മുസ്തഫ എന്നിവരെ യോഗം അനുമോദിച്ചു. ‘സംഗീതത്തിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന ആപ്തവാക്യത്തെ അന്വർഥമാക്കി ദോഹയിൽ പ്രവർത്തിക്കുന്ന ഈണം ദോഹ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

