മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായി അപലപിച്ച് എൻ.എച്ച്.ആർ.സി ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ
text_fieldsമർയം ബിൻത് അബ്ദുല്ല അൽ അതിയ
ദോഹ: ഇസ്രായേലിന്റെ ആക്രമണത്തെതുടർന്ന് ഗസ്സയിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായി അപലപിച്ച് ദേശീയ മനുഷ്യാവകാശ സമിതി. 2023 ഒക്ടോബർ ഏഴു മുതൽ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഗസ്സ മുനമ്പിൽ സിവിലിയന്മാർക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുടെ തുടർച്ചയാണ് ഈ ഭീകരമായ കുറ്റകൃത്യമെന്ന് എൻ.എച്ച്.ആർ.സി ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ പറഞ്ഞു.
സംഘർഷ മേഖലകളിലും യുദ്ധസമയത്തും മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്ന എല്ലാ അന്താരാഷ്ട്ര ഉടമ്പടികളെയും പരസ്യമായി അവഗണിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനവും അന്താരാഷ്ട്ര സംരക്ഷണ നടപടികളുടെ ബലഹീനതയും കാരണം അധിനിവേശക്കാർ കുറ്റകൃത്യങ്ങൾ തുടരുകയും മാനുഷിക നിയമങ്ങളും മനുഷ്യാവകാശങ്ങളും തുടർച്ചയായി ലംഘിക്കുകയുമാണ്. ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ആക്രമണങ്ങളിൽനിന്ന് സിവിലിയന്മാരെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണം.
അധിനിവേശ ഫലസ്തീനിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെ സംരക്ഷിക്കുകയും അവർക്ക് സ്വതന്ത്രമായി ജോലി നിർവഹിക്കാൻ അവസരം നൽകുകയും എല്ലാത്തരം ഭീഷണികളിൽനിന്നും അവരെ സംരക്ഷിക്കുകയും വേണം. ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ആക്രമണങ്ങളിൽനിന്നും സാധാരണക്കാരെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണം. ഗസ്സ മുനമ്പിൽ ഉൾപ്പെടെ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾക്കുള്ളിൽ മാനുഷിക ദുരിതാശ്വാസ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും പൂർണമായ പ്രവേശന സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കണം.
മാധ്യമപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടവരുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അവർ, പട്ടിണി, സിവിലിയന്മാർക്കുനേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയവ തുറന്നുകാട്ടുന്ന കണ്ണുകളായിരുന്നു ഈ മാധ്യമ പ്രവർത്തകരെന്നും, ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ട തങ്ങളുടെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ അധിനിവേശ അധികാരികൾ നടത്തിയ തീവ്രശ്രമമാണിതെന്നും പറഞ്ഞു.മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിലൂടെ സത്യം മറക്കില്ലെന്നും മാധ്യമപ്രവർത്തകർക്കെതിരെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ശിക്ഷക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് അവർ ആവശ്യപ്പെട്ടു.ഗസ്സ സിറ്റിയിലെ അൽ ശിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ടെന്റിലാണ് ഞായറാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ അനസ് അൽ ശരീഫ് ഉൾപ്പെടെ നിരവധി സഹപ്രവർത്തകർ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

