കോവിഡ് ബാധിച്ച് ഖത്തറിൽ നവജാത ശിശു മരിച്ചു; ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം
text_fieldsദോഹ: കോവിഡ് ബാധിച്ച് രാജ്യത്ത് മൂന്നാഴ്ച മാത്രം പ്രായമുള്ള നവജാത ശിശു മരിച്ചതായി ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത കുഞ്ഞാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തശേഷം രോഗബാധയെ തുടർന്ന് രാജ്യത്ത് മരണപ്പെടുന്ന രണ്ടാമത്തെ കുട്ടിയാണ് ഇത്.
കോവിഡിന്‍റെ ആദ്യ കാല വകഭേദങ്ങളിൽ കുട്ടികൾക്ക് രോഗബാധയുണ്ടാവാൻ നേരിയ സാധ്യതമാത്രമായിരുന്നു ഉണ്ടയിരുന്നതെന്നായിരുന്നു അറിയിപ്പ്. എന്നാൽ, പുതിയ സാഹചര്യത്തിൽ കുട്ടികളിൽ രോഗ ബാധ കൂടുന്നതായും, മുൻകാലങ്ങളേക്കാൾ കുട്ടികൾക്ക് കരുതൽ നൽകണമെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.
എല്ലാ പ്രായത്തിലുമുള്ള ജനങ്ങളിൽ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് നവജാത ശിശുവിന്‍റെ മരണം ഓർമപ്പെടുത്തുന്നതെന്നും, എല്ലാവരും ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി. അപൂർവമാണെങ്കിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൂട്ടികൾക്കിടയിൽ രോഗബാധയും മരണവും റിപ്പോർട്ട് ചെയ്യുന്നതായും സൂചിപ്പിച്ചു.
അർഹരായ എല്ലാ വിഭാഗങ്ങളും വാക്സിൻ സ്വീകരിച്ചും, രോഗ ലക്ഷണം പ്രകടിപ്പിക്കുന്നവർ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയും, മാസ്ക്-സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതൽ സ്വീകരിച്ചും കോവിഡിനെതിരായ പോരാട്ടത്തിൽ ഭാഗമാവണമെന്നും നിർദേശിച്ചു.
ഞായറാഴ്ച ഖത്തറിൽ 4021പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3518 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.