ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ; ‘അങ്കമ്മാൾ’ന്യൂയോർക് മികച്ച സിനിമ
text_fieldsഅങ്കമ്മാൾ സിനിമയുടെ നിർമാതാക്കളായ ഷംസുദ്ദീൻ ഖാലിദ്, അനു അബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ
ദോഹ: ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള അവാർഡ് ‘അങ്കമ്മാൾ’കരസ്ഥമാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്ന് അണിയറ പ്രവർത്തകർ. പെരുമാൾ മുരുകൻ എഴുതിയ തമിഴ് നോവൽ കൊടിത്തുണിയെ ആസ്പദമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത തമിഴ് സിനിമയാണ് അങ്കമ്മാൾ. ഒരു ഗ്രാമീണ സ്ത്രീയുടെ ജീവിതത്തിലെ ദുരിതങ്ങളും പ്രത്യാശകളും പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
2024 ഒക്ടോബറിൽ മുംബൈയിൽ നടന്ന മാമി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം ചിത്രം പ്രദർശിപ്പിച്ചത്. പിന്നീട് ഡിസംബറിൽ ഐ.എഫ്.എഫ്.കെയിൽ ‘ഇന്ത്യൻ സിനിമ ഇന്ന്’എന്ന വിഭാഗത്തിലൂടെ ആസ്വാദകരിലെത്തി. ഡയലോഗ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവൽ, ഗുവാഹതി ബ്രഹ്മപുത്ര ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലും പ്രദർശിപ്പിച്ചു. മുഖ്യ കഥാപാത്രമായ അങ്കമ്മാളായി അഭിനയിച്ചിരിക്കുന്നത് ഗീതാ കൈലാസമാണ്. ഭരണി, ശരൺ, മുല്ലയരസി, തെൻട്രൽ രഘുനന്ദൻ എന്നിവർ പ്രധാനവേഷങ്ങളിലുണ്ട്.
എൻജോയ് ഫിലിംസിന്റെയും ഫിറോ മൂവി സ്റ്റേഷന്റെയും ബാനറിൽ റിലീസ് ചെയ്ത ചിത്രം ഖത്തർ പ്രവാസികളായ ഷംസുദ്ദീൻ ഖാലിദ്, അനു അബ്രഹാം, ഛായാഗ്രാഹകനായ അൻജോയ് സാമുവൽ, നടൻ ഫിറോസ് റഹീം എന്നിവർ ചേർന്നാണ് നിർമിച്ചത്.ചിത്രത്തിലെ ഗാനങ്ങള് ഒരുക്കിയിരിക്കുന്നത് പ്രശസ്ത ഗായകൻ മക്ബൂൽ മൻസൂർ ആണ്.സംഭാഷണം: സുധാകർ ദാസ്, എഡിറ്റർ: പ്രദീപ് ശങ്കർ, ശബ്ദ സംവിധാനം: ലെനിൻ വലപ്പാട്, ശബ്ദ മിശ്രണം: കൃഷ്ണനുണ്ണി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. ആഗസ്റ്റിൽ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. നിർമാതാക്കളായ ഷംസുദ്ദീൻ ഖാലിദ്, അനു അബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

