Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമധുരം കൂടിയാൽ...

മധുരം കൂടിയാൽ നികുതിയും കൂടും; ഖത്തറിൽ പുതിയ എക്സൈസ് നികുതി പ്രാബല്യത്തിൽ

text_fields
bookmark_border
മധുരം കൂടിയാൽ നികുതിയും കൂടും; ഖത്തറിൽ പുതിയ എക്സൈസ് നികുതി പ്രാബല്യത്തിൽ
cancel

ദോഹ: പാനീയങ്ങളിലെ മധുരം കുറച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിൽ പുതിയ എക്സൈസ് നികുതി സംവിധാനം നിലവിൽ വന്നു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും (’ടിയേർഡ് വോളുമെട്രിക് മോഡൽ’) ഇനി നികുതി ഈടാക്കുക.

2026-ലെ രണ്ടാം നമ്പർ എക്സൈസ് നികുതി നിയമ ഭേദഗതിയുടെ ചുവടുപിടിച്ചാണ് ജനറൽ ടാക്സ് അതോറിറ്റി ഈ പരിഷ്കാരം പ്രഖ്യാപിച്ചത്. ഇനി മുതൽ സോഫ്റ്റ് ഡ്രിങ്കുകൾ മാത്രമല്ല, പഞ്ചസാര അടങ്ങിയ എല്ലാ ജ്യൂസുകളും നികുതിയുടെ പരിധിയിൽ വരും. കൂടാതെ പാനീയങ്ങളാക്കി മാറ്റാൻ ഉപയോഗിക്കുന്ന പൗഡറുകൾ, കോൺസെൻട്രേറ്റുകൾ, സിറപ്പുകൾ എന്നിവക്കും ഈ നിയമം ബാധകമായിരിക്കും.

എന്താണ് ’ടിയേർഡ് വോളുമെട്രിക് മോഡൽ’?

നേരത്തെ പാനീയങ്ങളുടെ മൊത്തം അളവ് മാത്രം നോക്കിയായിരുന്നു നികുതി ഈടാക്കിയിരുന്നതെങ്കിൽ, ഇനി മുതൽ ‘ടിയേർഡ് വോളുമെട്രിക് മോഡൽ’ ആണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് പാനീയത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയോ കൃത്രിമ മധുരങ്ങളുടെയോ അളവ് എത്രയെന്ന് കൃത്യമായി കണക്കാക്കും. ഉയർന്ന അളവിലും ഇടത്തരം അളവിലും പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് മാത്രമേ നികുതി നൽകേണ്ടതുള്ളൂ. പഞ്ചസാരയുടെ അളവ് നിശ്ചിത പരിധിയിൽ താഴെയുള്ള ഉൽപന്നങ്ങൾക്ക് നികുതി ഈടാക്കില്ല.

തിയ എക്സൈസ് നികുതി പൂർണമായും ബാധകമാകുന്നത് ഫാക്ടറികളിൽ നിന്ന് സീൽ ചെയ്ത് വിപണിയിലെത്തുന്ന പാക്ക് ചെയ്ത ഉൽപന്നങ്ങൾക്കാണ്. എന്നാൽ റസ്റ്റോറന്റുകളിലോ കഫേകളിലോ ഉപഭോക്താക്കൾക്ക് ഉടനടി തയാറാക്കി നൽകുന്ന ഫ്രഷ് ജ്യൂസുകൾക്കും പാനീയങ്ങൾക്കും ഈ നികുതി ബാധകമായിരിക്കില്ല. ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവരും വിൽക്കുന്നവരും തങ്ങളുടെ കൈവശമുള്ള സ്റ്റോക്കിന്റെ വിവരങ്ങൾ ‘ധരീബ’ എന്ന ഔദ്യോഗിക ടാക്സ് പ്ലാറ്റ്‌ഫോം വഴി കൃത്യമായി സമർപ്പിക്കണം.

രണ്ടു ലക്ഷം ലിറ്ററിൽ താഴെ സ്റ്റോക്കുള്ളവർ വിവരങ്ങൾ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തിയാൽ മാത്രം മതി, ഇവർ പ്രത്യേക നികുതി നൽകേണ്ടതില്ല. രണ്ടു ലക്ഷം ലിറ്ററോ അതിൽ കൂടുതലോ സ്റ്റോക്കുള്ളവർ അംഗീകൃത ഓഡിറ്റ് റിപ്പോർട്ട് സഹിതം സ്റ്റോക്കിന്റെ വിവരങ്ങൾ നൽകുകയും നിയമപ്രകാരമുള്ള എക്സൈസ് നികുതി അടക്കുകയും വേണം. നിയമം നിലവിൽ വന്ന് 90 ദിവസത്തിനകം ടാക്സ് റിട്ടേൺ സമർപ്പിക്കണമെന്നാണ് നിർദേശം.

റിട്ടേൺ ഫയൽ ചെയ്ത് 30 ദിവസത്തിനകം നികുതി തുക അടക്കുകയും വേണം. കേവലം വരുമാന വർധനവിനപ്പുറം വലിയൊരു സാമൂഹിക ലക്ഷ്യം കൂടി ഈ നിയമത്തിന് പിന്നിലുണ്ട്. ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കാൻ മധുരത്തിന്റെ അമിത ഉപയോഗം കുറച്ചേ തീരൂ. ഈ സാഹചര്യത്തിൽ, ഉയർന്ന നികുതി ഭയന്ന് ഉൽപന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ നിർമാതാക്കൾ നിർബന്ധിതരാകും. ഇത് വിപണിയിൽ കൂടുതൽ ആരോഗ്യപ്രദമായ പാനീയങ്ങൾ ലഭ്യമാക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സഹായിക്കുമെന്നാണ് ഖത്തർ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise taxdrinksqatar​
News Summary - Higher sugar content in beverages will now mean higher taxes; new excise tax comes into effect
Next Story