സീലൈനിലെ വാഹനാപകടങ്ങൾ നടപടിക്രമങ്ങൾക്ക് പുതിയ സമിതി
text_fieldsസീലൈൻ ബീച്ച് ഫോട്ടോ: പെനിൻസുല
ദോഹ: സീലൈൻ മേഖലയിലെ തുടർച്ചയായ വാഹനാപകടങ്ങളും പ്രശ്നങ്ങളും പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പ്രത്യേക സമിതിയെ നിശ്ചയിച്ചു. വിൻറർ ക്യാമ്പിങ് സീസൺ തുടക്കം മുതൽ സമിതിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
അശ്രദ്ധയോടെയുള്ള ഡ്യൂൺ ബാഷിങ് (മരുഭൂമിയിലൂടെയുള്ള സാഹസിക ഡ്രൈവിങ്) ആണ് സീലൈൻ മേഖലയിൽ സംഭവിക്കുന്ന വാഹനാപകടങ്ങളുടെ പ്രധാന കാരണം. പുതിയ സമിതിക്ക് സതേൺ ട്രാഫിക് സെക്ഷൻ മേധാവി കേണൽ ശൈഖ് മുഹമ്മദ് ബിൻ ജാസിം ആൽ ഥാനി നേതൃത്വം നൽകുമെന്നും മാധ്യമ, ഗതാഗത ബോധവത്കരണ വിഭാഗം ഉപമേധാവി കേണൽ ജാബിർ മുഹമ്മദ് റാഷിദ് ഉദൈബ പറഞ്ഞു. ക്യാമ്പിങ് സീസണോടനുബന്ധിച്ച് നിരവധി വാഹനങ്ങളും ആളുകളുമാണ് സീലൈനിലെത്തുന്നത്. മേഖലയിൽ അശ്രദ്ധയോടെയുള്ള ഡ്യൂൺ ബാഷിങ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കേണൽ ഉദൈബ കൂട്ടിച്ചേർത്തു.
വാഹനാപകടത്തിൽ കൂടുതൽ പേർ മരിക്കുന്ന അഞ്ചാമത്തെ പ്രദേശം സീലൈനാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ റിപ്പോർട്ട്. അശ്രദ്ധയോടെയുള്ള ൈഡ്രവിങ്, ഡ്രിഫ്റ്റിങ്, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചുവെക്കൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. ഈ വർഷത്തെ ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ട് ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത ജനറൽ ഡയറക്ടറേറ്റ് തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അമിത വേഗം, അശ്രദ്ധയോടെയുള്ള ൈഡ്രവിങ്, ക്യാമ്പുകളിൽ കഴിയുന്നവർക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾ തുടങ്ങി തെറ്റായ ശീലങ്ങളാണ് ക്യാമ്പിങ് സീസണിൽ കണ്ടുവരുന്നത്.
ക്യാമ്പർമാരുടെ സഹായത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സുരക്ഷ പേട്രാളിങ് വാഹനങ്ങൾ അധികം താമസിയാതെ മേഖലയിൽ വിന്യസിക്കും. വാഹനാപകടങ്ങളുടെ ചിത്രമെടുക്കുന്നതും പ്രചരിപ്പിക്കുന്നതും ഖത്തറിൽ നിയമം മൂലം നിരോധിക്കപ്പെട്ടതാണ്.നിയമലംഘകർ കർശനമായി ശിക്ഷിക്കപ്പെടുമെന്നും അൽ ഉദൈബ ഓർമിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.