മലപ്പുറം ജില്ലക്കെതിരായ കുപ്രചാരണങ്ങൾ പ്രതിഷേധാർഹം -പ്രവാസി വെൽഫെയർ മലപ്പുറം
text_fieldsദോഹ: മലപ്പുറം ജില്ലക്കെതിരെ ചില സമുദായ -സംഘടനാ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രസ്താവനകൾ പ്രതിഷേധാർഹമെന്ന് പ്രവാസി വെൽഫെയർ ഖത്തർ മലപ്പുറം ജില്ല കമ്മിറ്റി. ഒരു ജില്ലയെ അപകീർത്തിപ്പെടുത്താനും അതുവഴി വെറുപ്പ് പടർത്താനുമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പൊള്ളയായ ആരോപണങ്ങളെയും കള്ളക്കഥകളെയും കേരളീയ ജനത തള്ളിക്കളയണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
രാജ്യത്ത് തന്നെ പരസ്പര സ്നേഹത്തിലും ഐക്യത്തിലും ബഹുമാനത്തിലും ഏറ്റവും ഉയർന്ന് നിൽക്കുന്ന മലപ്പുറം ജില്ല എപ്പോഴും വിമർശനങ്ങൾക്കും തെറ്റിദ്ധരിപ്പിക്കലുകൾക്കും ഇരയായിക്കൊണ്ടിരിക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെയും വിവാദ പ്രസ്താവനളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ഉയർന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കള്ള പ്രചാരണങ്ങളെ തകർത്തു കളയാൻ മലപ്പുറത്തെ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ല പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദലി, ജില്ല ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം, ട്രഷറർ അസ്ഹർ അലി, സെക്രട്ടറിമാരായ റഫീഖ് മേച്ചേരി, സഹല, ഷാനവാസ് വേങ്ങര, കബീർ പൊന്നാനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

