നീറ്റ് പരീക്ഷ റദ്ദാക്കൽ; ആശങ്കയിൽ പ്രവാസി വിദ്യാർഥികൾ
text_fieldsദോഹ: ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ് യു.ജി) റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കുന്നു. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത്, പരീക്ഷയെഴുതിയ വിദ്യാർഥികളാണ് അധികൃതരുടെ അനാസ്ഥ മൂലം പ്രയാസത്തിലായത്. വിദേശ രാജ്യങ്ങളിലിരുന്ന് പരീക്ഷക്കായി തയാറെടുത്ത പ്രവാസി വിദ്യാർഥികളോട് കാട്ടിയ ക്രൂരതയാണിതെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ പല വിദ്യാർഥികളും ഉന്നത തുടർപഠനത്തിന്റെ പ്രതീക്ഷകളുമായി ഇതിനകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. പുതിയ തീയതി പ്രഖ്യാപിച്ചാൽ ഈ വിദ്യാർഥികൾ വീണ്ടും അതത് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ തിരിച്ചെത്തണം.
എന്നാൽ, നാട്ടിലെ വിവിധ സെന്ററുകളിൽ പോയി പരീക്ഷ എഴുതി ഗൾഫ് നാടുകളിൽ തിരിച്ചെത്തിയവർക്ക് പുനഃപരീക്ഷക്കായി വീണ്ടും തിരിച്ചും യാത്ര ചെയ്യേണ്ടി വരും. ഇത്തരം വിദ്യാർഥികൾക്ക് അവർക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യമുന്നയിക്കുന്നു. ഇത് വേനലവധിക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് തയാറെടുക്കുന്ന പ്രവാസി കുടുംബങ്ങളുടെ പ്ലാനുകളെ പൂർണമായി ബാധിച്ചിരിക്കുകയാണ്. കനത്ത വിമാന ടിക്കറ്റ് നിരക്കുള്ള വേനലവധി സീസണിൽ തുടരെത്തുടരെ യാത്ര ചെയ്യേണ്ടി വരുന്നത് പ്രവാസി കുടുംബങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാകും വരുത്തിവെക്കുക.
ക്രമക്കേടുകളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ നടപടി കുട്ടികളുടെ മാനസിക വീര്യത്തെ തകർക്കുന്നതാണെന്നും ആക്ഷേപമുണ്ട്. പുതിയ പരീക്ഷയും ഫലപ്രഖ്യാപനവും നീളുന്നതോടെ ഈ അധ്യയന വർഷത്തെ മെഡിക്കൽ പ്രവേശനം വൈകുമെന്ന ആധിയും രക്ഷിതാക്കൾ ഉന്നയിക്കുന്നു. പുനഃപരീക്ഷക്കായി വിദ്യാർഥികൾക്ക് അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചിട്ടുണ്ടെങ്കിലും പ്രവാസികളുടെ ലക്ഷങ്ങൾ വരുന്ന യാത്രാ ചെലവുകൾക്ക് ആര് മറുപടി നൽകുമെന്ന ചോദ്യം അവശേഷിക്കുന്നു.
പ്രവാസി വിദ്യാർഥികളുടെ ഈ പ്രത്യേക സാഹചര്യം പരിഗണിച്ചു കൊണ്ട് ഗൾഫ് മേഖലയിൽ ആവശ്യത്തിന് പുനഃപരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും, തീയതികൾ വേഗത്തിൽ പ്രഖ്യാപിക്കണമെന്നുമാണ് പ്രവാസി സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം. മേയ് മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

