‘നീറ്റ്’ നാളെ; തയാറെടുപ്പുകൾ മറക്കരുത്
text_fieldsനാളെ നടക്കുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്-യു.ജി-2025) ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾക്കു പുറമെ ദുബൈ, അബൂദബി, ഷാർജ, ദോഹ, റിയാദ്, മനാമ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലടക്കം വിദേശത്തും കേന്ദ്രങ്ങളുണ്ട്. ആറ് ഗൾഫ് രാജ്യങ്ങളിലെ എട്ട് പരീക്ഷ കേന്ദ്രങ്ങളിലായി എണ്ണായിരത്തോളം പേരാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷക്ക് ഇരിക്കുന്നത്. പരീക്ഷക്ക് ഹാജരാകാൻ ഒരുങ്ങുന്നവർ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി കൃത്യമായ തയാറെടുപ്പുകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
തയ്യാറാക്കിയത്; പി.ടി. ഫിറോസ്
(കരിയർ ഗൈഡ്, സിജി)
- അഡ്മിറ്റ് കാർഡ് www.neet.nta.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുക. അഡ്മിറ്റ് കാർഡിലെയും ഇൻഫോർമേഷൻ ബുള്ളറ്റിനിലെയും നിർദേശങ്ങൾ വായിച്ച് മനസ്സിലാക്കണം
- അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ പരീക്ഷ കേന്ദ്രം, പരീക്ഷ സമയം എന്നിവ പ്രത്യേകം പരിശോധിക്കണം. ഞായറാഴ്ച ഉച്ചക്ക് ഇന്ത്യൻ സമയം രണ്ട് മണി (ഖത്തർ സമയം 11.30) മുതൽ വൈകീട്ട് 5.00 വരെയാണ് പരീക്ഷ.
- ഉച്ചക്ക് 1.30നകം (ഇന്ത്യൻ സമയം) പരീക്ഷ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് പ്രവേശനമുണ്ടാവില്ല.
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ എന്തെങ്കിലും പ്രയാസം നേരിടുന്നവരുണ്ടെങ്കിൽ neetug2005@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ 011-40759000/ 011-69227700 എന്ന ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
- ഭാവിയിലെ ഉപയോഗത്തിനായി അഡ്മിറ്റ് കാർഡ് സൂക്ഷിച്ചുവെക്കണം.
- അഡ്മിറ്റ് കാർഡിലും കൺഫർമേഷൻ പേജിലും കൊടുത്ത വിവരങ്ങൾ, ഫോട്ടോ, ഒപ്പ് എന്നിവയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ രാവിലെ 10നും വൈകീട്ട് അഞ്ചിനും ഇടയിൽ (ഇന്ത്യൻ സമയം) ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. അത്തരം സന്ദർഭങ്ങളിൽ, വിദ്യാർഥികൾ ഇതിനകം ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ് ഉപയോഗിച്ച് പരീക്ഷയിൽ ഹാജരാകാവുന്നതാണ്.
- അഡ്മിറ്റ് കാർഡിൽ സ്വന്തമായി ഒരുവിധ തിരുത്തലുകളും വരുത്താൻ പാടുള്ളതല്ല.
- വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പായി മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെയുള്ള പരിശോധനക്ക് വിധേയമാക്കും.
- പരീക്ഷക്കാവശ്യമായ പേന പരീക്ഷഹാളിൽ വെച്ച് നൽകുന്നതായിരിക്കും.
ഇവ മറക്കരുത്
- പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അഡ്മിറ്റ് കാർഡ്
- അറ്റൻഡൻസ് ഷീറ്റിൽ പതിപ്പിക്കാൻ വേണ്ട പാസ്പോർട്ട് സൈസ് ഫോട്ടോ
- സാധുവായ ഒറിജിനൽ തിരിച്ചറിയൽ രേഖ (പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ.ഡി, പാസ്പോർട്ട്, ആധാർ കാർഡ്, റേഷൻ കാർഡ്, ഫോട്ടോ പതിച്ച പ്ലസ് ടു പരീക്ഷ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച മറ്റേതെങ്കിലും സർക്കാർ ഐ.ഡി എന്നിവയിൽ ഏതെങ്കിലും)
- അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പെർഫോമയിൽ വെളുത്ത ബാക്ഗ്രൗണ്ടിലുള്ള പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ (4x6 വലുപ്പത്തിൽ) പതിച്ചത്.
- ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട അധികാരികൾ നൽകിയ സർട്ടിഫിക്കറ്റ്.
പരീക്ഷ ഹാളിൽ ഇവ പാടില്ല
- അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകൾ, കടലാസ് കഷ്ണങ്ങൾ, ജ്യാമിതി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക്പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, ലോഗ്ടേബ്ൾ, ഇലക്ട്രോണിക് പേന/സ്കാനർ, കറക്ഷൻ ഫ്ലൂയിഡ് മുതലായവ.
- മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ് തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങൾ.
- പഴ്സ്, ഹാൻഡ്ബാഗ്, ബെൽറ്റ്, തൊപ്പി, ഹെയർ ക്ലിപ്, ഗോഗിൾസ്.
- വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, കാമറ, മൈക്രോചിപ്പ്, ബ്ലൂടൂത്ത് ഉപകരണം.
- മോതിരം, കമ്മൽ, മൂക്കുത്തി പോലെയുള്ള ആഭരണങ്ങൾ/ലോഹവസ്തുക്കൾ.
- തുറന്നതോ പാക്ക് ചെയ്തതോ ആയ ഭക്ഷണ സാധനങ്ങൾ, വാട്ടർ ബോട്ടിൽ.
- പ്രമേഹരോഗികളാണെങ്കിൽ ഷുഗർ ടാബ്ലറ്റ്/ നേന്ത്രപ്പഴം, ആപ്പിൾ, ഓറഞ്ച് എന്നിങ്ങനെയുള്ള പഴങ്ങൾ, സുതാര്യമായ പാത്രത്തിൽ വെള്ളം എന്നിവ കരുതാം. ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരിക്കണം. ഇവർക്കും ചോക്ലറ്റ്, മിഠായി, സാൻഡ്വിച്ച് തുടങ്ങിയവ അനുവദിക്കില്ല.
ഓർക്കേണ്ട പ്രധാന കാര്യങ്ങൾ
- വിദ്യാർഥികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം പരീക്ഷ കേന്ദ്രത്തിൽ ഉണ്ടാവില്ല.
- ഹെവി ക്ലോത്ത്സ്/ഫുൾസ്ലീവ് വസ്ത്രങ്ങൾ എന്നിവ പരീക്ഷ കേന്ദ്രങ്ങളിൽ അനുവദിക്കില്ല. നീണ്ട കൈ, വലിയ ബട്ടണുകൾ, ഫ്ലോറൽ പ്രിന്റിങ് എന്നിവയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം.
- മതവിശ്വാസംമൂലമോ മറ്റ് ആചാരത്തിന്റെ ഭാഗമായോ പ്രത്യേക വസ്ത്രരീതികൾ സ്വീകരിക്കുന്ന വിദ്യാർഥികൾ ദേഹപരിശോധനക്കായി പരീക്ഷക്ക് അവസാന റിപ്പോർട്ടിങ് സമയത്തിന്റെ രണ്ട് മണിക്കൂർ മുമ്പ് പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
- ഹൈ ഹീലുള്ള പാദരക്ഷകൾ, ഷൂ എന്നിവ അനുവദനീയമല്ല.
- ടെസ്റ്റ് ബുക്ലെറ്റിന്റെ ആദ്യ പേജിന്റെ മുകളിൽ കാണിച്ച അത്രതന്നെ പേജുകൾ ബുക്ലെറ്റിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അപാകങ്ങളുണ്ടെങ്കിൽ ബുക്ലെറ്റ് മാറ്റി വാങ്ങണം. ടെസ്റ്റ് ബുക്ലെറ്റിന്റെ പേജുകൾ വേർപെടുത്തരുത്.
- പരീക്ഷ സമയം പൂർത്തിയാകുന്നതു വരെ വിദ്യാർഥികളെ ഹാൾ വിട്ടുപോകാൻ അനുവദിക്കുന്നതല്ല.
എം.ഇ.എസ് സ്കൂൾ പരീക്ഷ കേന്ദ്രം
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) തുടർച്ചയായി നാലാം വർഷവും ഖത്തർ കേന്ദ്രമാവുന്നു.ഞായറാഴ്ച നടക്കുന്ന പരീക്ഷക്ക് എം.ഇ.എസ് ഇന്ത്യൻ സ്കൂൾതന്നെയാണ് കേന്ദ്രം. 2022ൽ ആദ്യമായി പരീക്ഷ കേന്ദ്രം അനുവദിച്ചതു മുതൽ തുടർച്ചയായി എല്ലാ വർഷങ്ങളിലും ഖത്തറിന് നീറ്റ് സെന്റർ അനുവദിച്ചിരുന്നു.
ഖത്തറിലെ നീറ്റ് പരീക്ഷ കേന്ദ്രമായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
ഖത്തർ സമയം രാവിലെ 11.30 മുതൽ ഉച്ച 2.30 വരെയാണ് പരീക്ഷ. രാവിലെ 8.30 മുതൽ പരീക്ഷ കേന്ദ്രത്തിലേക്ക് (ഗേറ്റ് നമ്പർ അഞ്ച്) പ്രവേശനം അനുവദിക്കും. 11 മണിക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.കഴിഞ്ഞ വർഷം 591 വിദ്യാർഥികളാണ് എം.ഇ.എസ് സ്കൂളിലെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയത്. 18 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്ക് പഠിച്ചുവളർന്ന നാട്ടിൽതന്നെ പരീക്ഷയെഴുതാനുള്ള അവസരമായി 2022ലാണ് ആദ്യമായി ഖത്തറിൽ നീറ്റ് കേന്ദ്രം അനുവദിച്ചത്. ഓരോ വർഷവും കുട്ടികളുടെ വർധിച്ച പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.