ഖത്തറിലെ പള്ളികളിൽ ഇനി സാമൂഹിക അകലം വേണ്ട
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ പള്ളികളിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി ഖത്തർ മതകാര്യ മന്ത്രാലയം. ദിവസേനയുള്ള അഞ്ചുനേര നമസ്കാരങ്ങളിലും, വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും സാമൂഹിക അകലം പാലിക്കേണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വെള്ളിയാഴ്ച ഖുതുബ നടക്കുന്ന സമയങ്ങളിൽ വിശ്വാസികൾ ഒരു മീറ്റർ അകലം പാലിച്ചു വേണം പള്ളിയിൽ ഇരിക്കാൻ. ശൗചാലയങ്ങൾ തുറക്കാനും തീരുമാനമായി. തിരക്ക് കുറഞ്ഞ പള്ളികളിൽ വുദു എടുക്കാൻ സൗകര്യമൊരുക്കാമെന്നും നിർദേശമുണ്ട്.
അതേസമയം, പള്ളിയിലും പരിസരങ്ങളിലും കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. മാസ്ക് അണിഞ്ഞ് മാത്രമേ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കാൻ പാടുള്ളൂ. സ്വന്തം മുസല്ല കൈയിൽ കരുതണം. ഇഹ്തിറാസ് ആപ്ലിക്കേഷൻ ബന്ധപ്പെട്ടവർക്ക് മുമ്പാകെ പ്രദർശിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
പുതിയ ഇളവുകൾ പ്രാബല്ല്യത്തിൽ വരുന്ന് ഒക്ടോബർ മൂന്ന് ഞായറാഴ്ച മുതലാവും പള്ളിയിലെ ഇളവുകളും പ്രാബല്ല്യത്തിൽ വരുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിൻെറ ഭാഗമായണ് കൂടുതൽ ഇളവുകൾ നൽകാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതു പ്രകാരം പൊതു സ്ഥലങ്ങളിൽ മാസ്ക് നിയന്ത്രണങ്ങളോടെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.

