ആഭ്യന്തര കാർഷിക ഉൽപന്നങ്ങളുടെ വിൽപന കേന്ദ്രം വരുന്നു
text_fieldsദോഹ: ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ വിൽപ്പനക്ക് ശമാലിൽ വിശാലമായ കേന്ദ്രം വരുന്നു. ഏഴായിരം മീറ്റർ ചുറ്റളവിൽ നിർമാണം പുരോഗമിക്കുന്ന കേന്ദ്രം അടുത്ത സീസണിൽ പ്രവർത്തനക്ഷമമാകുമെന്ന് കാർഷിക ഉൽപ്പന്ന വിപണന വകുപ്പ് മേധാവി അബ്ദുറഹ്മാൻ ഹസൻ അൽസുലൈത്തി അറിയിച്ചു. അൽഖോർ, ദഖീറ, വക്റ എന്നീ സ്ഥലങ്ങളിൽ നിലവിൽ തന്നെ ഇത്തരം വിപണികൾ പ്രവർത്തന നിരതമാണ്. ശഹാനിയയിലും സെയിലിയ്യയിലും പുതിയ വിൽപ്പന കേന്ദ്രത്തിെൻറ നിർമാണം പുരോഗമിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ മുന്തിയ വിലക്ക് നൽകാൻ കഴിയും എന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത. ഉപഭോക്താവിന് മിതമായ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ലഭ്യമാകുകയും ചെയ്യും. ഇതിനാൽ കൂടുതൽ ആളുകൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്ന് അബ്ദുറഹ്മാൻ അൽസുലൈത്തി അഭിപ്രായപ്പെട്ടു.
ശമാലിലെ വിപണന കേന്ദ്രം റുവൈസിലാണ് സ്ഥാപിച്ചിട്ടുള്ളത്. മുൻസിപ്പാലിറ്റി ഓഫീസിന് എതിർ വശത്ത് വിശാലമായ സ്ഥലത്തായതിനാൽ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയും. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഏറെ ദൂരം യാത്ര ചെയ്യാതെ തന്നെ വിൽപ്പന കേന്ദ്രത്തിലെത്തിക്കാൻ കഴിയുമെന്നത് വലിയ നേട്ടമാണ്. രാജ്യത്തിന് മേൽ അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധത്തെ മറികടക്കാൻ ആഭ്യന്തര കാർഷിക ഉൽപ്പന്നങ്ങൾക്ക് സാധിക്കുമെന്ന് അൽസുലൈത്തി വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമായ പച്ചക്കറികളും പാൽ, കോഴി മുതലായ അവശ്യ സാധനങ്ങളും ഒരു പരിധി വരെ ഇവിടെ തന്നെ ഉൽപ്പാദിപ്പിച്ച് തുടങ്ങിയിരിക്കുന്നു. അധികം വൈകാതെ ഈ മേഖലയിൽ പൂർണമായും സ്വാശ്രയത്വം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
