പ്രകൃതിവാതകം ലോകത്തിന്റെ സുരക്ഷിത ഊർജമായി മാറും -അൽ കഅ്ബി
text_fieldsടോക്യോ എൽ.എൻ.ജി ഉൽപാദക-ഉപഭോക്തൃ സമ്മേളനത്തിൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ശരീദ അൽ കഅ്ബി സംസാരിക്കുന്നു
ദോഹ: 2050ഓടെ ലോകത്തിന്റെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ഊർജ സ്രോതസ്സായി ദ്രവീകൃത പ്രകൃതിവാതകം മാറുമെന്ന് ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ശരീദ അൽ കഅ്ബി. ഊർജപരിവർത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അൽ കഅ്ബി, ഭാവിയിലെ ഊർജമിശ്രിതത്തിൽ പ്രകൃതിവാതകത്തിന്റെ ഉപയോഗം ആവശ്യമാണെന്നും വ്യക്തമാക്കി.
ജപ്പാനിലെ ടോക്യോയിൽ നടന്ന 12ാമത് പ്രകൃതിവാതക ഉൽപാദക-ഉപഭോക്തൃ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളാടിസ്ഥാനത്തിൽ കാർബൺ ഫൂട്ട്പ്രിന്റുകൾ കുറക്കുന്നതിന് യാഥാർഥ്യവും സുസ്ഥിരവുമായ പാതയിലൂടെ ന്യായവും ഫലപ്രദവുമായ ഊർജ പരിവർത്തനത്തിന് കൃത്യമായ ലക്ഷ്യങ്ങളുള്ള റോഡ് മാപ്പ് അനിവാര്യമാണെന്നും സഅദ് ശരീദ അൽ കഅ്ബി പറഞ്ഞു.
ഊർജ പരിവർത്തനത്തിനായി ലോകം വേഗത്തിൽ തയാറെടുക്കണമെന്ന് ഈ അവസരത്തിൽ അഭ്യർഥിക്കുകയാണ്. സമ്പന്നരുടെയും വികസിത രാജ്യങ്ങളുടെയും ആവശ്യങ്ങളിൽമാത്രം അത് ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകണമെന്നും, ഇക്കാര്യത്തിൽ വിവേകപൂർവമുള്ള സന്തുലിതത്വമാണ് ആവശ്യമെന്നും അൽ കഅ്ബി വിശദീകരിച്ചു.
എണ്ണ, വാതക മേഖലകളിലെ നിക്ഷേപങ്ങളുടെ അഭാവം പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമായി തുടരുകയും ഇത് വ്യക്തതയുടെയും അസ്ഥിരതയുടെയും വിതരണത്തിലെ അനിശ്ചിതത്വത്തിന്റെയും കുറവിന് കാരണമാകുകയും ചെയ്യുന്നു. നിക്ഷേപങ്ങളുടെ അഭാവം ലോകത്തിന്റെ അധിക മേഖലകളിലും വർധിച്ച അസ്ഥിരതക്ക് കാരണമാകുമെന്നും ഊർജകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി.
മികച്ച ഭാവിക്കായുള്ള സാമ്പത്തികവും പാരിസ്ഥിതികവുമായ അഭിലാഷങ്ങൾ നിറവേറ്റുന്ന, ലഭ്യമായതിൽ ഏറ്റവും ശുദ്ധമായ ഹൈഡ്രോകാർബൺ ഊർജ സ്രോതസ്സാണ് ഖത്തർ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2029ഓടെ ആഗോളാടിസ്ഥാനത്തിൽ 40 ശതമാനം എൽ.എൻ.ജി വിതരണവും ഖത്തർ എനർജി പദ്ധതികളിൽ നിന്നായിരിക്കും.
കാർബൺ ക്യാപ്ചർ, സീക്വെസ്ട്രേഷൻ, സൗരോർജ ഉപയോഗം എന്നിവയിലൂടെ ഹരിത വാതക പുറന്തള്ളലിൽ ഗണ്യമായ കുറവുണ്ടാക്കുന്നതിൽ ഈ പദ്ധതികൾ വലിയ പങ്കുവഹിക്കും. ആകെയുള്ള കാർബൺ തീവ്രതയിൽ 30 ശതമാനം കുറവുണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം -അൽ കഅ്ബി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

