രാജ്യവ്യാപക ബീച്ച് ശുചീകരണ കാമ്പയിൻ സെപ്റ്റംബറിൽ
text_fields974 ബീച്ച്
ദോഹ: ജനറൽ ക്ലീൻലിനസ് വിഭാഗം സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന രാജ്യവ്യാപക ബീച്ച്, ദ്വീപ് ശുചീകരണ കാമ്പയിനിൽ പങ്കുചേരാൻ താമസക്കാരെയും സന്ദർശകരെയും സ്വാഗതംചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിന്റെ വിശാലമായ കമ്യൂണിറ്റി ഇടപെടൽ പരിപാടികളുടെ ഭാഗമായ ഈ ശ്രമം ഖത്തർ നാഷനൽ വിഷൻ 2030ന്റെ സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ്.
രാജ്യത്തെ തീരപ്രദേശങ്ങൾ വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിനും പൗരന്മാരെ പങ്കാളികളാക്കുന്നതിലൂടെ പരിസ്ഥിതികാവബോധം പൊതുജനങ്ങളിൽ വളർത്താനും ഭാവി തലമുറകൾക്കായി രാജ്യത്തിന്റെ പ്രകൃതി സംരക്ഷിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. സെപ്റ്റംബറിൽ രാജ്യത്തെ വിവിധ ബീച്ചുകളിലും ദ്വീപുകളിലുമായി നിരവധി ശുചീകരണ പരിപാടികൾ നടക്കും. സെപ്റ്റംബർ ആറിന് രാവിലെ ദോഹ ഉമ്മുൽ മാ ബീച്ചിൽ നടക്കുന്ന ശുചീകരണ പ്രവൃത്തിയോടെ കാമ്പയിൻ ആരംഭിക്കും.
സെപ്റ്റംബർ 14ന് രാവിലെ അബൂ സംറ ബീച്ചിലും വൈകീട്ട് സെക്രീത് ബീച്ചിലും ശുചീകരണം നടത്തും. സെപ്റ്റംബർ 15ന് രാവിലെ അൽ വക്റ പബ്ലിക് ബീച്ചിലും വൈകീട്ട് അൽ തഖീറ ബീച്ചിലും പരിപാടികളുണ്ട്. സെപ്റ്റംബർ 16ന് രാവിലെ അൽ ഖോർ ദ്വീപിലും വൈകീട്ട് സീമൈസിമ ഫാമിലി ബീച്ചിലും പൊതുജനങ്ങൾക്ക് ശുചീകരണ പ്രവൃത്തിയിൽ പങ്കെടുക്കാം. സെപ്റ്റംബർ 17ന് രാവിലെ സീലൈൻ പബ്ലിക് ബീച്ചിലും അൽ ഖാരിജ് ബീച്ചിലും, വൈകീട്ട് ഫുറൈഹ ബീച്ചിലും ശുചീകരണമുണ്ടാകും.
സെപ്റ്റംബർ 18ന് രാവിലെ കോർണിഷിലും അൽ വക്റ ഫാമിലി ബീച്ചിലും പരിപാടികൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. സെപ്റ്റംബർ 19ന് രാവിലെ ഉമ്മൈരിജ് ബീച്ചിലും വൈകീട്ട് ഉമ്മു ജബലിയ ബീച്ചിലും സെപ്റ്റംബർ 20ന് വൈകീട്ട് ദോഹ ഉമ്മു അൽ മാ ബീച്ചിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. സെപ്റ്റംബർ 27ന് രാവിലെ അൽ മഫ്ജർ ബീച്ചിലെ ശുചീകരണത്തോടെ കാമ്പയിൻ അവസാനിക്കും. രാജ്യത്തിന്റെ സുസ്ഥിരമായ ഭാവി സംരക്ഷിക്കുന്നതിനായി പൊതുജനങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. മുനിസിപ്പാലിറ്റി മന്ത്രാലയം നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് താമസക്കാർക്കും സന്ദർശകർക്കും രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

