ദേശീയ സുരക്ഷ; ഖത്തർ സായുധ സേനയും സുഹൈൽ സാറ്റും കൈകോർക്കുന്നു
text_fieldsദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഖത്തർ സായുധ സേനയും ഖത്തർ സാറ്റലൈറ്റ് കമ്പനിയായ സുഹൈൽ സാറ്റും ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
ഏത് അടിയന്തര സാഹചര്യത്തിലും പ്രതിരോധ പ്രവർത്തന സജ്ജമായിരിക്കുക എന്ന
ലക്ഷ്യത്തോടെയാണ് സഹകരണം
ദോഹ: ദേശീയ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തർ സായുധ സേന, ഖത്തർ സാറ്റലൈറ്റ് കമ്പനിയായ സുഹൈൽ സാറ്റുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഏത് അടിയന്തര സാഹചര്യത്തിലും പ്രതിരോധ പ്രവർത്തന സജ്ജമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണം. കരാറിന്റെ ഭാഗമായി സായുധ സേനക്ക് ആവശ്യമായ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങൾ, ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ, നെറ്റ്വർക്ക് സൊല്യൂഷനുകൾ എന്നിവ സുഹൈൽ സാറ്റ് നൽകും.
കമാൻഡ് ആൻഡ് കൺട്രോൾ, ഫീൽഡ് കണക്ടിവിറ്റി, അടിയന്തര സാഹചര്യങ്ങളിലെ ആശയവിനിമയ തുടർച്ച എന്നിവയിൽ സാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ പ്രാധാന്യം കണക്കിലെടുത്താണ് നീക്കം. കൂടാതെ, ഇരു വിഭാഗങ്ങളും തമ്മിലുള്ള സാങ്കേതിക വൈദഗ്ധ്യ കൈമാറ്റത്തിനും സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനും കരാർ ലക്ഷ്യമിടുന്നു. ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുഹൈൽ സാറ്റ്, കഴിഞ്ഞ 15 വർഷമായി മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിലെ ടെലികോം, ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് മികച്ച സേവനം നൽകുന്നുണ്ട്. കമ്പനിയുടെ രണ്ട് ഉപഗ്രഹങ്ങളും, അത്യാധുനിക ടയർ-4 ടെലിപോർട്ട് സൗകര്യവും രാജ്യത്തിന് വിശ്വസനീയമായ കണക്ടിവിറ്റി ഉറപ്പാക്കുന്നു. ഖത്തർ അമീരി സിഗ്നൽ കോർപ്സ് വഴിയാണ് സായുധ സേന സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ നിയന്ത്രിക്കുന്നത്. പ്രതിരോധ മേഖലയിലെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും പ്രതിസന്ധി ഘട്ടങ്ങളിലെ ആശയവിനിമയത്തിനും ഈ പുതിയ പങ്കാളിത്തം കരുത്താകും.
ദേശീയ സുരക്ഷാ സംരക്ഷണത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും ഖത്തർ സായുധ സേനക്ക് പിന്തുണ നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സുഹൈൽ സാറ്റ് പ്രസിഡന്റും സി.ഇ.ഒയുമായ അലി അഹമ്മദ് അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

