ഖത്തറിന് പിന്തുണയുമായി രാഷ്ട്ര നേതാക്കൾ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി റുവാണ്ട പ്രസിഡന്റ് പോൾ കഗാമെയുമായി കൂടിക്കാഴ്ചക്കിടെ
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ചും അപലപിച്ചും യു.എൻ രക്ഷാസമിതിയും വിവിധ അന്താരാഷ്ട്ര സംഘടനകളും പ്രസ്താവനയിറക്കിയതിനു പിന്നാലെ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് വിവിധ നേതാക്കൾ ഖത്തറിലെത്തി. യു.എൻ രക്ഷാസമിതിയിൽ, ഇസ്രായേലിന് നിരുപാധിക പിന്തുണ നൽകാറുള്ള യു.എസ് അടക്കം 15 രാജ്യങ്ങളും ഒപ്പുവെച്ച പ്രമേയത്തിൽ ഖത്തറിന് പിന്തുണ നൽകുകയും സംഘർഷം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന് ഐക്യദാർഢ്യം അറിയിക്കാനായി ദോഹയിൽ എത്തിയ ഹംഗറി, റുവാണ്ട, ഇന്തോനേഷ്യ രാഷ്ട്ര നേതാക്കൾ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായി കൂടിക്കാഴ്ച നടത്തി. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും തുരങ്കം വെക്കുന്ന ആക്രമണത്തെ നേതാക്കൾ പൂർണമായും എതിർത്തു. ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച നേതാക്കൾ, ഖത്തറിന്റെ സുരക്ഷ -സമാധന ശ്രമങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചു.
വിവിധ രാഷ്ട്രങ്ങളുടെ തലവന്മാരും ഐക്യരാഷ്ട്ര സഭ, അറബ് ലീഗ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും നേരത്തേ ആക്രമണത്തെ അപലപിച്ചും ഖത്തറിന് പിന്തുണയുമായും രംഗത്തെത്തിയിരുന്നു. യു.എ.ഇ, കുവൈത്ത്, ഈജ്പ്ത്, പാകിസ്താൻ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ തലവന്മാർ കഴിഞ്ഞദിവസങ്ങളിൽ ഖത്തറിലെത്തി അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദർശനത്തിനിടെ നേതാക്കൾ സംഘർഷത്തെ തുടർന്നുള്ള സ്ഥിതിഗതികൾ ആരായുകയും പിന്തുണയറിയിക്കുകയും ചെയ്തു. ഹമാസിന്റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷ്യൽ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ സ്ഫോടനം നടത്തിയത്.
മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇസ്രായേൽ ആക്രമണത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി റുവാണ്ട പ്രസിഡന്റ് പോൾ കഗാമെയുമായി ചർച്ച ചെയ്തു. കഴിഞ്ഞദിവസം ദിവസം ദോഹയിലെത്തിയ അദ്ദേഹം ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി. ദോഹയിലെത്തിയ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധിസംഘത്തെയും അമീർ സ്വാഗതം ചെയ്തു. തുടർന്ന് ഇരുവരും ലുസൈൽ കൊട്ടാരത്തിലെ ഓഫിസിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

