Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപിതാവ് അമീറിന്റെ...

പിതാവ് അമീറിന്റെ വിയോഗം; അനുശോചനവുമായി രാഷ്ട്ര നേതാക്കൾ

text_fields
bookmark_border
പിതാവ് അമീറിന്റെ വിയോഗം; അനുശോചനവുമായി രാഷ്ട്ര നേതാക്കൾ
cancel

ഖത്തറിലെത്തി ബഹ്‌റൈൻ കിരീടാവകാശി

  • ശൈഖ് ഹമദ് ആൽഥാനിയുടെ വിലയേറിയ സേവനങ്ങളെയും സംഭാവനകളെ അനുസ്മരിച്ചു

    മനാമ/ദോഹ: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിനായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇന്ന് ഖത്തറിലെത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ഖത്തർ മുൻ അമീറിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ ഖത്തറിലെത്തിയ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഖത്തർ അമീർ ശൈഖ് തമീമിനൊപ്പം

ബഹ്‌റൈൻ കിരീടാവകാശിക്കൊപ്പം ഉന്നതതല സംഘവും ഖത്തറിലെത്തിയിരുന്നു. അമീറിന്റെ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശേഷം ബഹ്‌റൈൻ കിരീടാവകാശി ദോഹയിൽ നിന്ന് മടങ്ങി. ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ യാത്രയാക്കി.

അന്തരിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി തന്റെ ജനങ്ങൾക്കും അറബ്, ഇസ്‌ലാമിക ലോകത്തിനും നൽകിയ വിലയേറിയ സേവനങ്ങളെയും സംഭാവനകളെയും അദ്ദേഹം അനുസ്മരിച്ചു. അല്ലാഹു അദ്ദേഹത്തിന് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെയെന്നും കുടുംബത്തിനും ഖത്തർ ജനതയ്ക്കും ഇതിനെ നേരിടാനുള്ള ശക്തി നൽകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

അനുശോചനവുമായി ഒമാൻ പ്രതിനിധികൾ

മസ്കത്ത്/ദോഹ: അന്തരിച്ച ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അനുശോചനം നേരിട്ടറിയിക്കാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് ഖത്തറിലേക്ക് തിരിക്കും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക പ്രതിനിധിയായാണ് ദോഹയിലേക്ക് പുറപ്പെടുന്നത്. സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ദി യസിൻ ബിൻ ഹൈതം അൽ സഈദും ഈ ഔദ്യോഗിക സന്ദർശനത്തിൽ അനുഗമിക്കുന്നുണ്ട്. ഒമാൻ സുൽത്താന്റെയും ഒമാനിലെ ജനങ്ങളുടെയും അഗാധമായ ദുഃഖവും ആദരാഞ്ജലികളും ഖത്തർ ഭരണകൂടത്തെയും ജനങ്ങളെയും അറിയിക്കും.

അന്തരിച്ച മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഒമാൻ സുൽത്താനേറ്റും തമ്മിൽ വളരെ ആഴമേറിയതും ചരിത്രപരവുമായ സൗഹൃദബന്ധമാണ് നിലനിന്നിരുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് (1995–2013) ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, സാമ്പത്തിക, തന്ത്രപ്രധാന ബന്ധങ്ങൾ ഇന്നത്തെ ശക്തമായ നിലവാരത്തിലേക്ക് ഉയർന്നത്. ഒമാന്റെ അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി അദ്ദേഹം വളരെ അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു. ജി.സി.സി ഉച്ചകോടികളിലും പ്രാദേശിക ചർച്ചകളിലും ഇരുവരും പരസ്പര ബഹുമാനത്തോടെയാണ് നിലപാടുകൾ പങ്കുവെച്ചിരുന്നത്.

ഔദ്യോഗിക പദവിയിൽ ഇരിക്കെ അദ്ദേഹം 1999, 2005, 2012 വർഷങ്ങളിൽ മൂന്ന് തവണ ഒമാൻ സന്ദർശിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി വ്യക്തിപരമായ സന്ദർശനങ്ങളും അദ്ദേഹം ഒമാനിൽ നടത്തിയിട്ടുണ്ട്. അറബ് മേഖലയിലും ഗൾഫ് രാജ്യങ്ങൾക്കിടയിലും സമാധാനവും സ്ഥിരതയും നിലനിർത്താൻ സുൽത്താൻ ഖാബൂസും ഷെയ്ഖ് ഹമദും ഒന്നിച്ച് പ്രവർത്തിച്ചു.പ്രാദേശിക തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിലും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തുന്നതിലും ഒമാനും ഖത്തറും സമാനമായ സമാധാനപരമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.

അനുശോചനം അറിയിച്ച് കുവൈത്ത്

  • കിരീടാവകാശി ദോഹയിലെത്തി

കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറകിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു

കുവൈത്ത് സിറ്റി/ദോഹ: പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈത്ത്. കുവൈത്ത് അമീറിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ദോഹയിലെ ലുസൈൽ കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ചു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ കണ്ട കിരീടാവകാശി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കുവൈത്ത് ജനതയുടെയും അനുശോചനം അറിയിച്ചു.ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, ശൈഖ് ജാസിം ബിൻ ഹമദ് അൽതാനി, ശൈഖ് അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഘാനിം, ആൽഥാനി കുടുംബം, ഖത്തറിലെ ജനങ്ങൾ എന്നിവരെയും കിരീടാവകാശി അനുശോചനം അറിയിച്ചു.

ഞായറാഴ്ച രാവിലെയാണ് ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗവാർത്ത ഔദ്യോഗികമായി അറിയിച്ചത്. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ മഗ്രിബ് നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം നടന്നു. നിലവിലെ ഖത്തർ അമീറും അദ്ദേഹത്തിന്റെ മകനുമായ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expresscondolencesFather AmirNational leaderspassed awy
News Summary - National leaders express condolences on the passing of father Amir
Next Story