ദേശീയ കായിക ദിനം; തൊഴിലാളികൾക്കായി കായിക-വിനോദ പരിപാടികളൊരുക്കി ആഭ്യന്തര മന്ത്രാലയം
text_fieldsആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നോർത്ത് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റും ഷെൽ ഖത്തറും സംയുക്തമായി തൊഴിലാളികൾക്കായി സംഘടിപ്പിച്ച കായിക പരിപാടികളിൽ പങ്കെടുത്തവർ
ദോഹ: ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നോർത്ത് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റും ഷെൽ ഖത്തറും സംയുക്തമായി തൊഴിലാളികൾക്കായി കായിക -വിനോദ പരിപാടികൾ സംഘടിപ്പിച്ചു. അൽ ഖോറിലെ ബർവ വർക്കേഴ്സ് റിക്രിയേഷൻ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ 14 കമ്പനികളിൽ നിന്നുള്ള 750 ഓളം തൊഴിലാളികൾ പങ്കെടുത്തു.
ആഭ്യന്തര മന്ത്രാലയത്തിലെ ഹ്യൂമൻ റൈറ്റ്സ് ഡിപ്പാർട്ട്മെന്റ്, ഖത്തർ പൊലിസ് സ്പോർട്സ് ഫെഡറേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടികളിൽ വിവിധ കായിക മത്സരങ്ങൾ, ഗ്രൂപ്പ് വ്യായാമങ്ങൾ, വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ശാരീരികക്ഷമതയുടെ പ്രാധാന്യത്തെക്കുറിച്ചും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കായിക വിനോദങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും അവബോധം നൽകുന്ന സെഷനുകളും ഒരുക്കിയിരുന്നു.
ആരോഗ്യമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ വിഷന്റെയും ദേശീയ കായിക ദിനത്തിന്റെയും ഭാഗമായാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. തൊഴിലാളികൾക്കിടയിൽ ആരോഗ്യ -സാമൂഹിക അവബോധം വർധിപ്പിക്കുന്നത് സാമൂഹിക സുസ്ഥിരതക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് നോർത്ത് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിലെ കേണൽ അഹമ്മദ് സാദ് അൽ മുഹന്നദി പറഞ്ഞു.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 'ബദർ ഇനിഷ്യേറ്റീവ്' പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് സമൂഹത്തെ ശാക്തീകരിക്കുന്നതിനും തൊഴിലാളികൾക്കിടയിൽ അവബോധം വളർത്തുന്നതിനുമുള്ള ഷെൽ ഖത്തറിന്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്ന് ഷെൽ ഖത്തർ കോർപറേറ്റ് റിലേഷൻസ് ജനറൽ മാനേജർ ഹുസൈൻ അൽ ഹിജി പറഞ്ഞു. ഷെൽ ഖത്തറും ആഭ്യന്തര മന്ത്രാലയവും ചേർന്നുള്ള കമ്മ്യൂണിറ്റി സംരംഭമാണ് 'ബദർ ഇനിഷ്യേറ്റീവ്'. തൊഴിലാളികൾക്കിടയിൽ അവബോധം വർധിപ്പിക്കുക, അവരെ ദേശീയ പരിപാടികളുടെ ഭാഗമാക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, സുരക്ഷാ ബോധവൽക്കരണം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും വലിയ താൽക്കാലിക സ്പോർട്സ് വേദി; 974 സ്റ്റേഡിയത്തിന് ഗിന്നസ് റെക്കോഡ് നേട്ടം
ഗിന്നസ് വേൾഡ് റെക്കോഡ് നേട്ടം ആഭ്യന്തര മന്ത്രാലയം, വിസിറ്റ് ഖത്തർ അധികൃതർ ഏറ്റുവാങ്ങുന്നു
ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 974 സ്റ്റേഡിയത്തിൽ നടന്ന പരിപാടികൾ
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഏറ്റവും വലിയ വേദിയൊരുക്കി 974 സ്റ്റേഡിയത്തിന് ഗിന്നസ് വേൾഡ് റെക്കോഡ് നേട്ടം. സ്പോർട്സിനായി ഏറ്റവും വലിയ താൽക്കാലിക വേദി ഒരുക്കിയാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയവും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയയുടെയും നേതൃത്വത്തിൽ വിസിറ്റ് ഖത്തർ, മീഡിയ സിറ്റി എന്നിവയുമായി സഹകരിച്ചാണ് 974 സ്റ്റേഡിയത്തിൽ വിവിധ പരിപാടികൾ നടത്തിയത്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 113,169.68 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കായിക പരിപാടികൾക്കായി വേദി ഒരുക്കിയത്. ദേശീയ കായിക ദിന പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോഡ് പ്രതിനിധി പ്രവീൺ പട്ടേൽ പുതിയ റെക്കോഡ് നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയത്തെയും ലഖ്വിയയെയും പ്രതിനിധീകരിച്ച് ഖത്തർ പൊലിസ് സ്പോർട്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് കേണൽ അഹമ്മദ് ബിൻ ഹമദ് ആൽഥാനി ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
മീഡിയ സിറ്റിക്ക് വേണ്ടി സി.ഇ.ഒ ഹമദ് ഒമർ അൽ മന്നായി, വിസിറ്റ് ഖത്തറിനു വേണ്ടി ഇവന്റ്സ് ആൻഡ് ഫെസ്റ്റിവൽസ് ഡയറക്ടർ അഹമ്മദ് ഹമദ് അൽ ബിനാലിയും സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു. മാരത്തൺ, നടത്തം, സൈക്ലിങ്, ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ തുടങ്ങി വൈവിധ്യമാർന്ന കായിക ഇനങ്ങളാണ് 974 സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നത്. ഇതോടൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിനോദ പരിപാടികളും ഫൺ ഗെയിമുകളും സംഘടിപ്പിച്ചു.
പാരീസ് ഗ്രൂപ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
പാരീസ് യുനൈറ്റഡ് ഗ്രൂപ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾക്ക് മെഡൽ സമ്മാനിക്കുന്നു
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പാരീസ് യുനൈറ്റഡ് ഗ്രൂപ് അൽ മെഷാഫിലെ ആൽഫ കേംബ്രിഡ്ജ് സ്കൂളിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ പാരീസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇസ്മായിൽ തേനങ്കാലിൽ, സി.ഇ.ഒ ഷാഹിദ് എന്നിവർ സന്നിഹിതരായി. ബാഡ്മിന്റൺ ടൂർണമെന്റിൽ യെല്ലോ ടെക് ഗാരേജ് വിജയികളായപ്പോൾ പാരീസ് ഹൈപ്പർമാർക്കറ്റ് വക്റ റണ്ണേഴ്സ് അപ്പും, പാരീസ് ഹെഡ് ഓഫിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഗ്രൂപ് എച്ച്.ആർ ഹെഡ് ജോൺ ക്ലമന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്യു.ഐ.പി.എ കായിക ദിനാഘോഷം
ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച കായിക ദിന പരിപാടികളിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (ക്യു.ഐ.പി.എ) സംഘടിപ്പിച്ച 15ാമത് ദേശീയ കായിക ദിന പരിപാടികൾ സമാപിച്ചു. രാവിലെ ക്രിക്കറ്റ് മത്സരത്തോടെ മുന്തസ പാർക്കിൽ പരിപാടികൾ ആരംഭിച്ചു. കുട്ടികൾ, വനിതകൾ, മുതിർന്നവർ തുടങ്ങി വലിയ ജനപങ്കാളിത്തം പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ആരോഗ്യം, സൗഹൃദം, ഐക്യം എന്നീ മൂല്യങ്ങൾ മുൻനിർത്തി വിവിധ കായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. വിവിധ പരിപാടികളോടൊപ്പം നടന്ന മാർച്ച് പാസ്റ്റ് ആകർഷണമായി മാറി. ഖത്തറിന്റെ ദേശീയ ദർശനത്തിനനുസൃതമായി കായിക സംസ്കാരവും ആരോഗ്യ ബോധവത്കരണവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

