പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങൾ
ദോഹ: ആവേശത്തിരതല്ലലിൽ നാടിെൻറ ദേശീയദിനാഘോഷം കൊണ്ടാടി. പ്രതികൂലകാലാവസ്ഥയിലും കോർണിഷിൽ രാവിലെ നടന്ന ദേശീയദിനപരേഡിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സ്വദേശികൾക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും ദേശീയദിനാഘോഷം കെങ്കേമമാക്കി. കോർണിഷിൽ നടന്ന പരേഡിൽ ആംഡ് ഫോഴ്സ്, ഐ.എസ്.എഫ്, ആഭ്യന്തര മന്ത്രാലയം, അമീരി ഗാര്‍ഡ് തുടങ്ങിയവർ അണിനിരന്നു. സൈനിക ആയുധങ്ങളുടെ പ്രദർശനവും ഇമ്പമാർന്ന എയർഷോകളും നടന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ചത് ആഘോഷത്തിന് ഇരട്ടി മധുരം നൽകി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ആകുേമ്പാൾ ജീവനക്കാര്‍ക്ക് 22ന് ഞായറാഴ്ച ജോലിയിൽ പ്രവേശിച്ചാൽ മതിയാകും.

‘ശ്രേഷ്ഠതയിലേക്കുള്ള വഴി കഠിനമാണ്’ അഥവാ ‘അൽ മആലീ കായിദ...’ എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ദേശീയദിനാഘോഷങ്ങൾ. കടകളും സ്ഥാപനങ്ങളും നേരത്തേതന്നെ ദേശീയദിനാഘോഷത്തിനായി ഒരുങ്ങിയിരുന്നു. ദേശീയപതാകകൾ ഉയർത്തിയും തോരണങ്ങൾ ചാർത്തിയുമാണ് മലയാളികളുടെയടക്കം സ്ഥാപനങ്ങൾ ദേശീയദിനത്തെ വരേവറ്റത്. ഹോട്ടലുകളും റസ്റ്റാറൻറുകളും യാത്രക്കാർക്കായി പായസമടക്കമുള്ള മധുരങ്ങൾ വിതരണം ചെയ്തു.
പ്രവാസി സമൂഹവുമായും കമ്പനികളും സ്കൂളുകളുമായി ബന്ധപ്പെട്ടും വിവിധയിടങ്ങളിൽ നിരവധി പരിപാടികള്‍ നടത്തി. വക്റ സ്പോര്‍ട്സ് ക്ലബ്, ബര്‍വ അല്‍ ബറാഹ, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ അക്കമഡേഷന്‍ സിറ്റി, ഏഷ്യന്‍ ടൗണ്‍, ദോഹ സ്റ്റേഡിയം, ശ്രീലങ്കന്‍ സ്കൂള്‍ ദോഹ, ബര്‍വ വില്ലേജ്, ഷഹാനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ലുസൈല്‍ സ്പോര്‍ട്സ് കോംപ്ലക്സ്, അല്‍ഖോര്‍ ബര്‍വ വര്‍ക്കേഴ്സ് റിക്രിയേഷന്‍ കോംപ്ലക്സ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടികള്‍ അരങ്ങേറിയത്. ദേശീയ ദിനത്തോടനുബന്ധിച്ച് ദോഹ മെട്രോ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതും ജനങ്ങൾക്ക് കൂടുതൽ സൗകര്യമായി. ഡിസംബർ 21 വരെ രാവിലെ ആറു മുതല്‍ പുലര്‍ച്ച ഒന്നു വരെയാണ് മെട്രോ സർവിസുള്ളത്. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടിന് തുടങ്ങി പുലര്‍ച്ച ഒന്നുവരെയുണ്ടാകും. താൽക്കാലിക ആഘോഷ നഗരിയായ അൽസദ്ദിലെ ദർബുസ്സാഇയിയിലേക്ക് താൽക്കാലിക മെട്രോ ലിങ്ക് സര്‍വിസുകളും ഉണ്ട്. ഗോള്‍ഡ് ലെയിനിലെ ജുവാന്‍ സ്റ്റേഷനില്‍നിന്നാണ് 20ാം തീയതി വരെ ദർബുസാഇയിയിലേക്ക് മെട്രോ ലിങ്ക് ഉള്ളത്. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് മൂന്നര മുതല്‍ രാത്രി 10വരെയുമാണ് ഇതു ലഭ്യമാവുക.


ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് ആല് മഹമ്മൂദ്, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, യു എസ് എയര്‍ഫോഴ്സ് സെന്‍ട്രല്‍ കമാന്റ് ലഫ്റ്റനന്റ് ജനറല്‍ ജോസഫ് ഗസ്റ്റല്ല തുടങ്ങിയ അതിഥികളും പരേഡ് കാണാനെത്തിയിരുന്നു.
മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.
