വിന്റർ ഫെസ്റ്റിവൽ വേദിയിൽ ദേശീയ ദിനാഘോഷവും
text_fieldsഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന വിന്റർ ഫെസ്റ്റിൽനിന്ന്
ദോഹ: ദേശീയ ദിനാഘോഷങ്ങളെ വരവേറ്റ് ദോഹ ഓൾഡ് പോർട്ടിൽ നടക്കുന്ന വിന്റർ ഫെസ്റ്റിവൽ വേദിയും.
എല്ലാ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയും നടക്കുന്ന ഫെസ്റ്റിവലിൽ ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. ഈ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ 17, 18 തീയതികളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് സന്ദർശകർക്കുള്ള ദേശീയദിന പരിപാടികൾ ആരംഭിക്കുക.
വാരാന്ത്യത്തിൽ വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ ദേശീയ ദിനാഘോഷ പരിപാടികളും ഉൾപ്പെടുത്തിയെന്ന് ഓൾഡ് ദോഹ പോർട്ട് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.തുറമുഖത്തെ പ്രധാന വേദികളിലായി ദിവസത്തിൽ നാലുതവണ നടക്കുന്ന ശിൽപികളുടെയും കലാകാരന്മാരുടെയും പ്രകടനങ്ങൾ കാണാൻ സാധിക്കും.
കൂടാതെ, പഴക്കമുള്ള കരകൗശല വസ്തുക്കളുടെ സമ്പന്നമായ പ്രദർശനം, റോമിങ് പരേഡുകൾ എന്നിവയും വിന്റർ ഫെസ്റ്റിവലിനോടനുബന്ധിച്ചും തുടർന്ന് വരുന്ന ദേശീയ ദിനാഘോഷ പരിപാടികളിലും സന്ദർശകർക്ക് കാണാനാകും.സീ മാസ്കോട്ട്, ഫെയ്സ് പെയിന്റിങ്, ജഗ്ലിംഗ് ഷോ തുടങ്ങിയ കുട്ടികൾക്കായുള്ള നിരവധി പ്രവർത്തനങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ഓൾഡ് ദോഹ പോർട്ട് അറിയിച്ചു.
ജനുവരി ഏഴ് വരെയാണ് ഓൾഡ് ദോഹ പോർട്ടിലെ വിന്റർ ഫെസ്റ്റിവൽ.

