മൽഖ ചികിത്സ: ഒരുദിവസ വേതനം സംഭാവന നൽകി നസീം ഹെൽത്ത് കെയർ
text_fieldsദോഹ: ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൽഖ റൂഹി ചികിത്സാ സഹായ നിധിയിലേക്ക് നസീം ഹെൽത്ത് കെയർ ജീവനക്കാർ ഒരുദിവസത്തെ വേതനം സംഭാവന ചെയ്തു. കുഞ്ഞു ജീവൻ രക്ഷിക്കാനുള്ള സാമൂഹിക ദൗത്യത്തിൽ പങ്കാളിയാകുക എന്ന ലക്ഷ്യവുമായാണ് നസീം ഹെൽത്ത് കെയറിലെ ജീവനക്കാർ ഒരുദിന വേതനം നൽകുന്നത്. എസ്.എം.എ ടൈപ് വൺ ബാധിതയായ അഞ്ചുമാസം പ്രായമുള്ള മൽഖാ റൂഹിയുടെ ചികിത്സക്ക് ആവശ്യമായ വിലയേറിയ മരുന്ന് എത്തിക്കുന്നതിനു വേണ്ടിയാണ് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ ഫണ്ട് സമാഹരണ കാമ്പയിൻ ആരംഭിച്ചത്. സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനം എന്നനിലയിൽ തങ്ങളുടെ ചെറിയ പ്രവർത്തനങ്ങൾ പോലും മാറ്റം കൊണ്ടുവരുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നസീം ഹെൽത്ത് കെയർ ജീവനക്കാർ തങ്ങളുടെ ഒരുദിവസവേതനം നീക്കിവെക്കാൻ സന്നദ്ധത അറിയിച്ചത്. ‘അനുകമ്പയിലും സഹാനുഭൂതിയിലും വേരൂന്നിയതാണ് നസീം ഹെൽത്ത് കെയർ. കൂട്ടായ പ്രവർത്തനം വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് കൊണ്ടാണ് മൽഖാ റൂഹിയുടെ ചികിത്സക്കായി പിന്തുണക്കാൻ ഞങ്ങളുടെ ജീവനക്കാർ അണിനിരക്കുന്നത് ’ -നസീം ഹെൽത്ത് കെയറിന്റെയും സി എം ഡി 33 ഹോൾഡിങ്സിന്റെയും മാനേജിങ് ഡയറക്റ്റർ മുഹമ്മദ് മിയാൻദാദ് വി.പി ജീവനക്കാർക്ക് നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞു.

