നരേന്ദ്ര മോദി ഈ മാസം ഒമാൻ സന്ദർശിച്ചേക്കും
text_fieldsമസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ മധ്യത്തിൽ ഒമാൻ സന്ദർശിച്ചേക്കും. ഒമാനുപുറമെ ജോർഡനും പ്രധാനമന്ത്രിയുടെ സന്ദർശനപട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന അയൽരാജ്യമായ ഒമാൻ ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത കൂട്ടാളികളിൽ ഒന്നായി മാറിവരുകയാണ്. 2023 ഡിസംബറിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഡൽഹിയിൽ ചരിത്രപരമായ സന്ദർശനം നടത്തിയിരുന്നു. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം ഒരു ഒമാൻ ഭരണാധികാരിയുടെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു അത്. ഡിസംബറിൽ ഒമാനും ജോർഡനും സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുകയാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥരീകരണമായിട്ടില്ല. 2014ൽ അധികാരത്തിൽ എത്തിയശേഷം ഒമാനിലേക്കുള്ള മോദിയുടെ രണ്ടാമത്തെ സന്ദർശനമാവും ഇത്. ജോർഡനിലേക്കുള്ള ആദ്യ സന്ദർശനവും. 2018 ഫെബ്രുവരിയിൽ ഫലസ്തീൻ സന്ദർശനത്തിനിടെ മോദി അമാനിൽ കുറച്ച് സമയം ചെലവഴിച്ചിരുന്നു. എന്നാൽ, നയതന്ത്രപരമായി ജോർഡനിലേക്കുള്ള ആദ്യ സന്ദർശനമാവും ഇത്. ദീർഘകാലമായി കാത്തിരിക്കുന്ന ഇന്ത്യ-ഒമാൻ സ്വതന്ത്ര വാണിജ്യ ഉടമ്പടി ഇരുരാജ്യങ്ങളും തമ്മിലെ ചർച്ചകളുടെ പ്രധാന വിഷയമായിരിക്കുമെന്നാണ് സൂചന. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ ഇരുപക്ഷവും ഈ വർഷം ആദ്യം പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ ഗൾഫ് പങ്കാളിത്തങ്ങളിൽ മുൻസ്ഥാനത്ത് നിൽക്കുന്ന രാജ്യമാണിപ്പോൾ ഒമാൻ. ഇരുരാജ്യങ്ങളും സ്ഥിരമായി സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്തിവരുന്നുണ്ട്.
6.76 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ ഒമാനിൽ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാർഷിക വാണിജ്യം ഏകദേശം 12 ബില്യൺ ഡോളറായിരുന്നു. ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിൽ, എൽ.പി.ജി എന്നിവയാണ് ഒമാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. പെട്രോളിയം ഉൽപന്നങ്ങൾ, യന്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് ഇന്ത്യ ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്നത്.
കഴിഞ്ഞദിവസങ്ങളിൽ മസ്കത്തിൽ ഒമാൻ-ഇന്ത്യ കോൺസുലേറ്റ് തല ചർച്ചകൾ നടന്നിരുന്നു. സിവിൽ എവിയേഷൻ, ലൊജിസ്റ്റിക്സ്, തൊഴിൽപരിശീലനം, ഖനനം, ഊർജം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് യോഗം അവലോകനം ചെയ്തു. കോൺസുലർ വിഷയങ്ങളും നിലവിലുള്ള കരാറുകളും ചർച്ച ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ കൈമാറിയ യോഗത്തിൽ, വിദേശകാര്യ മന്ത്രാലയ വിഭാഗം മേധാവി ഷെയ്ഖ് അഹ്മദ് ബിൻ ഹാശിൽ അൽമസ്കറി, ഇന്ത്യയുടെ ഒമാൻ സ്ഥാനപതി ഡോ. ജി.വി. ശ്രീനിവാസ് എന്നിവർ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

