‘ഇശലുകളുടെ സുൽത്താനുമായി’ നാടക സൗഹൃദം പത്താം വാർഷികം
text_fieldsനാടക സൗഹൃദം ദോഹ ‘ഇശലുകളുടെ സുൽത്താൻ’ ഷോയുടെ വിശദാംശങ്ങൾ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിക്കുന്നു
ദോഹ: ഖത്തറിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ പത്താം വാർഷികം വിപുലമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുമായി ആഘോഷിക്കുന്നു.
മഹാകവി മോയിൻകുട്ടി വൈദ്യരുടെ കവിതകളും അദ്ദേഹത്തിന്റെ ജീവിതവും ആസ്പദമാക്കിയുള്ള ‘ഇശലുകളുടെ സുൽത്താൻ’ എന്ന മെഗാലൈറ്റ് ആൻഡ് സൗണ്ട് ഷോ വേദിയിലെത്തിച്ചാണ് നാടക സൗഹൃദത്തിന്റെ പത്താം വാർഷികാഘോഷം.
നവംബർ 21ന് വൈകീട്ട് 6.30 മുതൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിശാലവേദിയിലാണ് ‘ഇശലുകളുടെ സുൽത്താൻ’ അരങ്ങേറുന്നത്. മോയിൻകുട്ടി വൈദ്യരുടെ സർഗ ജീവിതം അടിസ്ഥാനമാക്കി ശ്രീജിത്ത് പൊയിൽകാവ് രചനയും, മജീദ് സിംഫണി സംവിധാനവും നിർവഹിച്ച ‘ഇശൽ സുൽത്താനിൽ ഖത്തറിലെ 160ഓളം കലാകാരന്മാർ അണിനിരക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സിദ്ദീഖ് വടകരയാണ് സഹസംവിധാനം നിർവഹിച്ചത്. സിംഫണി ദോഹ സാങ്കേതിക സഹായം നിർവഹിക്കുന്നു. ഒപ്പന, കോൽക്കളി, ദഫ്മുട്ട് കലാകാരന്മാരും ഷോയിൽ അണിനിരക്കും.
കോഴിക്കോട് ഉൾപ്പെടെ വേദികളിൽ അവതരിപ്പിച്ച് കാഴ്ചക്കാരുടെ കൈയടി നേടിയ ഷോ ആദ്യമായാണ് ഖത്തറിലെത്തുന്നത്. തുടർന്ന് നവംബർ 22ന് ഇതേ വേദിയിൽ ‘സിംഫണി ദോഹ’യുടെ 15ാം വാർഷികവും ആഘോഷിക്കും. വൈകീട്ട് 6.30ന് ആരംഭിക്കുന്ന മ്യൂസിക്കൽ ഷോയിൽ റഫി ഗാനങ്ങളിലൂടെ പ്രശസ്തനായ സൗരവ് കിഷൻ, സംസ്ഥാന അവാർഡ് ജേതാവ് നിത്യ മാമ്മൻ, ശ്രുതി ശിവദാസ് എന്നിവർ പങ്കെടുക്കും.
ഖത്തറിലെ ഗായകരായ റിയാസ് കരിയാട്, ആഷിഖ് മാഹി എന്നിവർ കൂടി അണിനിരക്കുന്ന ‘മെലഡി എക്സ്പ്രസ് ലൈവ് ഓർക്കസ്ട്രയാണ് ഒരുക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
വാർത്തസമ്മേളനത്തിൽ നാടക സൗഹൃദം ദോഹ പ്രസിഡന്റ് മജീദ് സിംഫണി, അൻവർബാബു, സിദ്ദീഖ് വടകര, ബാവ വടകര, നവാസ്, ഗഫൂർ കാലിക്കറ്റ്, റഫീഖ് മേച്ചേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

