മൈനയെ തുരത്തൽ സജീവമാക്കി പരിസ്ഥിതി മന്ത്രാലയം; ഇതുവരെ പിടികൂടിയത് 27,934 പക്ഷികളെ
text_fieldsദോഹ: ഖത്തറിന്റെ പരിസ്ഥിതിയിൽ നുഴഞ്ഞുകയറ്റക്കാരായെത്തിയ മൈനകളെ തുരത്താനുള്ള നടപടികൾ ഊർജിതമാക്കി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. വിളകൾ നശിപ്പിച്ചും, മറ്റു പക്ഷികളെ ആക്രമിച്ചും സ്വാഭാവിക ആവാസവ്യവസ്ഥക്ക് ഭീഷണിയായി മാറിയ മൈനകളെ പിടികൂടി നാടുകടത്തുകയാണ് അധികൃതർ. കഴിഞ്ഞ മൂന്നു മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ഇവയുടെ വളർച്ച തടയാനും നിയന്ത്രിക്കാനുമായി പ്രഖ്യാപിച്ച ദേശീയ പദ്ധതിക്കു കീഴിലാണ് നടപടികൾ സജീവമാക്കുന്നത്. പദ്ധതി തുടങ്ങി ഇതുവരെയായി 27,934 മൈനകളെ പിടികൂടിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 27 ഇടങ്ങളിൽ സ്ഥാപിച്ച 434ലേറെ കൂടുകൾ വഴിയാണ് ഇവരെ പിടികൂടുന്നത്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് പറന്നെത്തി കുടിയേറിയ ഈ പക്ഷികൾ, തിരിച്ചു പോകുന്നില്ല എന്നു മാത്രമല്ല, ഖത്തറിന്റെ പരിസ്ഥിതിക്കു തന്നെ മുറിവേൽപിക്കും വിധം വളർന്നതോടെയാണ് മന്ത്രാലയം രംഗത്തിറങ്ങിയിരിക്കുന്നത്. 2022 നവംബറിലായിരുന്നു മൈനകളെ തുരുത്താനുള്ള പദ്ധതികൾക്ക് അധികൃതർ തുടക്കം കുറിച്ചത്.
ഓരോ ഘട്ടത്തിലുമായി കൂടുതൽ കൂടുകൾ സ്ഥാപിച്ചാണ് മൈന പിടിത്തം സജീവമാക്കുന്നത്. കാഴ്ചയിൽ നിസ്സാരനും നിരുപദ്രവകാരിയുമെങ്കിലും പരിസ്ഥിതിക്ക് ഇവൻ വലിയ ശല്യക്കാരനായാണ് വിലയിരുത്തുന്നത്. ആക്രമണാത്മക സ്വഭാവം കാരണം മറ്റു പക്ഷി വർഗങ്ങളുടെ നിലനിൽപ് തന്നെ ഭീഷണിയാവുന്നു.
ഇന്റർനാഷനൽ യൂനിയൻ ഓൺ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ) പഠന പ്രകാരം ലോകത്തെ തന്നെ ഏറ്റവും ആക്രമണ സ്വഭാവമുള്ള പക്ഷിയായാണ് മൈനകളെ കണക്കാക്കുന്നത്. ഫാമുകളിലും തോട്ടങ്ങളിലും വിളകൾ നശിപ്പിക്കുക മാത്രമല്ല, പകർച്ച വ്യാധികൾ ഉൾപ്പെടെ രോഗങ്ങൾ പടർത്താനും ശേഷിയുണ്ട്. രോഗം പകർത്തുന്നത് പ്രാദേശിക പക്ഷി-ജീവ വർഗങ്ങളുടെ വംശനാശത്തിനും കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഖത്തർ സായുധസേനയുടെ പരിസ്ഥിതി ഡയറക്ടറേറ്റ്, ആസ്പയർ സോൺ ഫൗണ്ടേഷൻ, ഖത്തർ യൂനിവേഴ്സിറ്റി, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് പരിസ്ഥിതി മന്ത്രാലയം സമഗ്ര മൈനവേട്ട പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

