‘എന്റെ സുഹൃത്ത്; ഗ്രേറ്റ് ലീഡർ’
text_fieldsഖത്തർ സന്ദർശനത്തിന്റെ ഭാഗമായി അൽ ഉദൈയ്ദിലെ അമേരിക്കൻ സൈനിക താവളത്തിലെത്തിയ ഡോണൾഡ് ട്രംപ്
ദോഹ: രണ്ടു ദിവസത്തെ ചരിത്ര സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മടക്കം. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ ഡോണൾഡ് ട്രംപ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ വാനോളം പുകഴ്ത്തി. ‘എന്റെ നല്ലൊരു സുഹൃത്താണ്. ജനങ്ങളുടെ മികച്ച നായകൻ. ശരിയായ ലീഡർ’ -ഡോണൾഡ് ട്രംപ് പറഞ്ഞു. ഖത്തറിന്റെ അമേരിക്കയുടെ തന്ത്രപ്രധാനിയായി പങ്കാളിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അൽ ഉദൈയ്ദിലെ യു.എസ് സൈനിക കേന്ദ്രം ലോകത്തെ തന്നെ ഏറ്റവും മികച്ച അമേരിക്കൻ മിലിട്ടറി ബേസ് ആണെന്നും പറഞ്ഞു. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയോടെ ദോഹയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് അവിസ്മരണീയമായ ആതിഥ്യത്തിന് നന്ദി പറഞ്ഞാണ് അടുത്ത സന്ദർശന കേന്ദ്രമായ യു.എ.ഇയിലേക്ക് പറന്നത്.
ദ്വിദിന സന്ദർശനത്തിലെ അവസാന കേന്ദ്രമായ അൽ ഉദൈദിലെ അമേരിക്കൻ എയർബേസിൽ വ്യാഴാഴ്ച ഉച്ചവരെ സൈനികർക്കൊപ്പം ചെലവഴിച്ചും സംസാരിച്ചുമായിരുന്നു ഡോണൾഡ് ട്രംപ് മടങ്ങിയത്. അൽ ഉദൈദ് എയർബേസിൽ ട്രംപിനെ യാത്രയാക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുമെത്തിയിരുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സുഊദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ഹസൻ ആൽ ഥാനി, അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഖത്തറിലെ അമേരിക്കൻ അംബാസഡർ ടിമ്മി ഡേവിസ് എന്നിവരും എത്തി.
ചുവപ്പു പരവതാനിയിലൂടെ വിമാനത്തിലേക്ക് നീങ്ങിയ ട്രംപ്, കോണിപ്പടിക്ക് മുന്നിൽ ഏറെനേരം അമീറും പ്രധാനമന്ത്രിയുമായി സംസാരിച്ചായിരുന്നു വിമാനത്തിൽ കയറിയത്. പടികൾ കയറി മുകളിലെത്തി വിമാനത്തിലേക്ക് കയറും മുമ്പ്, വിരലുകൾ ചൂണ്ടി അമീറിന് പ്രത്യേകം നന്ദി പറഞ്ഞ് ചരിത്ര സന്ദർശനം പൂർത്തിയാക്കി മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.