‘എന്റെ പ്രിയ സഹോദരൻ’
text_fieldsഡോ. സമീർ മൂപ്പനും ഡോ. നാസർ മൂപ്പനും ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിനിടെ (ഫയൽ ചിത്രം)
ജീവിതത്തിലും പ്രഫഷനൽ കരിയറിലും വഴികാട്ടിയായ പ്രിയ ജ്യേഷ്ഠസഹോദരനെയാണ് ഡോ. നാസർ മൂപ്പന്റെ വേർപാടിലൂടെ നഷ്ടമായത്. എനിക്ക് നാസർക്കയാണ് അദ്ദേഹം. ഏറെ ആത്മബന്ധമുള്ള സഹോദരൻ. എന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് ഡോ. നാസർ മൂപ്പൻ. 1979 വരെ കണ്ണൂരിൽ ഒന്നിച്ചായിരുന്നു ഞങ്ങൾ വളർന്നത്. സമീർ എന്ന എന്റെ പേരിനു പിന്നിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടായിരുന്നു. മാതൃസഹോദരന് കുഞ്ഞു പിറന്നപ്പോൾ പേരിടാനുള്ള നിയോഗം നാസർക്കക്കായി. അങ്ങനെ അദ്ദേഹം വിളിച്ചതാണ് സമീർ എന്ന എന്റെ പേര്. സഹോദരിയുടെ പേരും അദ്ദേഹം തന്നെ കണ്ടെത്തി. കുഞ്ഞായിരിക്കെ പേരു വിളിച്ചയാൾ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വഴികാട്ടിയായി എനിക്ക് മുന്നിൽ നടന്നു.
2002ൽ ആശുപത്രി ആരംഭിക്കാനായി ഖത്തറിലേക്ക് വിമാനം കയറുമ്പോൾ എനിക്കൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും ചേർന്നായിരുന്നു ആസ്റ്റർ ആശുപത്രിക്ക് ദോഹയിൽ തുടക്കം കുറിച്ചത്. ഞാൻ സി.ഇ.ഒയും, അദ്ദേഹം മെഡിക്കൽ ഡയറക്ടറുമായി. ഈ യാത്ര 20 വർഷത്തോളം തുടർന്നു. ഖത്തറിലെ ആരോഗ്യ മേഖലയിൽ ആസ്റ്ററിനെ കരുത്തുറ്റ സ്ഥാപനമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ സേവനം നിർണായകമായിരുന്നു.
ഡയറക്ടർ എന്ന പദവിക്കൊപ്പം നാസർക്ക ദോഹയിലെ ജനകീയ ഡോക്ടറുമായി. ഖത്തറിലെത്തി ഒരു വർഷത്തിനുള്ളിൽതന്നെ അറിയപ്പെടുന്ന ഡോക്ടറായി ഡോ. നാസർ മൂപ്പൻ മാറിയെന്നതുതന്നെ ചികിത്സാ രംഗത്തെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം തെളിയിക്കുന്നു.ഒരു സഹോദരനേക്കാൾ വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. എനിക്ക് വ്യക്തിപരമായി വല്ല ആരോഗ്യ പ്രശ്നവും വന്നാൽ ഞാൻ ആദ്യം വിളിക്കുന്ന് നാസർക്കയെയാണ്. ഇ.എൻ.ടി മാത്രമല്ല, ഏത് ആരോഗ്യ പ്രശ്നങ്ങൾക്കും അദ്ദേഹത്തിൽ അഭയം തേടാമായിരുന്നു. എന്റെ പിതാവുമായും നാസർക്കക്ക് വലിയ ബന്ധമായിരുന്നു. അദ്ദേഹത്തെ മെഡിസിൻ പഠനത്തിനായി ചേർത്തിയത് ഉപ്പയാണെന്ന പ്രത്യേകത കൂടിയുണ്ട്.(വെൽകിൻസ് മെഡിക്കൽ സെന്റർ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ഡോ. സമീർ മൂപ്പൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

