ഇന്ത്യൻ തീരം മുതൽ മെഡിറ്ററേനിയൻ വരെ; പുതിയ സർവിസ് പ്രഖ്യാപിച്ച് മവാനി ഖത്തർ
text_fieldsദോഹ: ഹമദ് തുറമുഖത്തെ ചെങ്കടലിലെയും ഇന്ത്യൻ ഉൾക്കടലിലെയും പടിഞ്ഞാറൻ മെഡിറ്ററേനിയൻ മേഖലയിലെയും തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പ്രതിവാര ചരക്കുകപ്പൽ സർവിസ് പ്രഖ്യാപിച്ച് ഖത്തർ പോർട്ട് മാനേജ്മെന്റ് കമ്പനിയായ മവാനി ഖത്തർ.
ഖത്തറിന്റെ കയറ്റുമതി വിപണിയുടെ ആവശ്യം വർധിച്ച സാഹചര്യത്തിലാണ് മവാനി ഖത്തർ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുമായി വിവിധ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ട് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്.
വേഗതയേറിയതും ചെലവു കുറഞ്ഞതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കപ്പെടുന്നതാണ് പുതിയ ഷിപ്പിങ് ലൈൻ. എം.എസ്.സിയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യൻ തീരത്തെ മുംബൈ ജവഹർലാൽ നെഹ്റു തുറമുഖം (നവ ഷേവ തുറമുഖം), ഗുജറാത്ത് തീരത്തെ മുന്ദ്ര തുറമുഖം, കറാച്ചി എന്നിവ തൊട്ട് അബുദബി, ജുബൈൽ, ജബൽ അലി വഴി ജിബൂതി, സൗദിയിലെ ജിദ്ദ, കിങ് അബ്ദുല്ല, മെഡിറ്ററേനിയൻ തീരങ്ങളിലെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതാണ് ചരക്കു നീക്കത്തിനുള്ള പുതിയ പാത.
ചുരുങ്ങിയ സമയത്തിനൊപ്പം ചെലവുകുറഞ്ഞ സമുദ്ര ഗതാഗതവും ഇതുവഴി ലക്ഷ്യം കാണാം.
മിഡിലീസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും വലിയതും, ലോകത്തെ എട്ടാമത്തെ കണ്ടെയ്നർ തുറമുഖവുമാണ് ഹമദ് പോർട്ട്.