ഈണം ദോഹ ആദരവും സംഗീതനിശയും
text_fieldsവ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരായ വ്യക്തികൾക്കും കൂട്ടായ്മകൾക്കും ഈണം ദോഹ നൽകിയ ആദരവ് പരിപാടിയിൽനിന്ന്
ദോഹ: ദോഹയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഈണം ദോഹ വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളെയും കൂട്ടായ്മകളെയും ആദരിച്ചു.
അർബുദവുമായി പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന് വിന്നേഴ്സ് എന്ന സംഘടനക്ക് രൂപം നൽകി അർബുദ രോഗികൾക്ക് ആത്മവിശ്വാസം പകരാനും ബോധവത്കരണം നടത്താനും പരിശ്രമിക്കുന്ന മേരി പോൾ സചിത്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഷ്റഫ് വടകര, ഖത്തർ നാഷനൽ ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ താരമായ തഹസിൻ മുഹമ്മദ് ജിംഷാദ്, ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ ചികിത്സ നടത്തുന്ന ഏഷ്യയിലെ തന്നെ പ്രശസ്തമായ കൊയിലാണ്ടി നസ്റ്റിന്റെ ഭാഗമായ നിയാർക്ക് എന്ന സ്ഥാപനം, കുറഞ്ഞ കാലം കൊണ്ട് വിഷ്വൽ മീഡിയ രംഗത്ത് അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ച 121 മീഡിയ, ഗാനങ്ങളുടെ ചരിത്രങ്ങൾ അവതരിപ്പിച്ച് ശ്രോതാക്കളെ വിസ്മയിപ്പിക്കുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. റഷീദ് പട്ടത്ത് എന്നിവരെയാണ് ഈണം ദോഹ ആദരിച്ചത്.
വെൽകെയർ അഷ്റഫ്, കെ.കെ. ഉസ്മാൻ, നിഷാദ് ഗുരുവായൂർ, 121 എം.ഡി. മൻസൂർ അലി, ആഷിഖ് മാഹി, ശരത് സി. നായർ, ഷക്കീർ പാവറട്ടി, ബി.ടി.കെ. സലീം എന്നിവർ പുരസ്കാരങ്ങൾ കൈമാറി. സംഗീത രംഗത്തെ പുത്തൻ താരോദയമായ നാച്ചു കലിക്കറ്റിന്റെ ഗാനമേള ആകർഷകമായി. ഈണം ദോഹ പ്രസിഡന്റ് ഫരീദ് തിക്കോടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. മുസ്തഫ സ്വാഗതം പറഞ്ഞു.
തുടർന്നും പ്രശസ്തരെ ആദരിക്കുമെന്നും പുതിയ ഗായകരെ കണ്ടെത്തി അവസരങ്ങൾ നൽകുമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

