ദോഹ: ഖത്തർ ദേശീയ മ്യൂസിയത്തിലെ അവസാന ഗാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ദേശീയദിനത്തോടനുബന്ധിച്ച് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയാണ് ഉദ്ഘാടനം ചെയ്തത്. ‘ഖത്തർ ടുഡേ’ എന്ന പേരിലുള്ള ഗാലറിയുടെ പ്രകാശനച്ചടങ്ങിൽ ശൈഖ് ഹസൻ ബിൻ മുഹമ്മദ് ആൽഥാനിയും ദേശീയ മ്യൂസിയം മേധാവി ശൈഖ അംന ബിൻത് അബ്ദുൽ അസീസ് ബിൻ ജാസിം ആൽഥാനി എന്നിവരും പങ്കെടുത്തു.
കാലികയുഗത്തിലെ ഖത്തറിനെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്താൽ സന്ദർശകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതാണ് ഗാലറിയിൽ അടങ്ങിയിരിക്കുന്നത്. 2017 ജൂൺ അഞ്ചിന് ഖത്തറിനുമേൽ അടിച്ചേൽപിക്കപ്പെട്ട അയൽരാജ്യങ്ങളുടെ ഉപരോധത്തെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിന് കീഴിൽ മറികടന്നതും രാജ്യം ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത പുരോഗതിയും വിവിധ മേഖലകളിലെ സ്വയംപര്യാപ്തതയും ഇവിടെ വരച്ചുകാണിക്കുന്നു. ഖത്തർ ജനതയുടെ ദൃഢനിശ്ചയം, ഐക്യം, നേട്ടങ്ങൾ, സ്വപ്നങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. 12ഓളം രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ, ചലച്ചിത്ര നിർമാതാക്കൾ, സാങ്കേതികവിദഗ്ധർ, സംവിധായകർ തുടങ്ങിയവരാണ് ഗാലറി അണിയിച്ചൊരുക്കിയത്. അൽ ജസീറ, ഖത്തർ ടി.വി, അൽ റയ്യാൻ ടി.വി, ബീൻ തുടങ്ങിയവയിൽനിന്നുള്ള 50 മണിക്കൂർ നീണ്ടുനിൽക്കുന്ന വിഡിയോ ഫൂട്ടേജുകളും ഇവിടെയുണ്ട്. ദേശീയ മ്യൂസിയത്തിലെതന്നെ ഏറ്റവും ജനപ്രിയമായ ഗാലറിയായി ഇത് മാറും.