ദോഹ: റയ്യാൻ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഭാഗമായി റയ്യാൻ മുനിസിപ്പാലിറ്റിയിലെ മുബൈരിക് പ്രദേശത്ത് മാത്രം ഉപേക്ഷിക്കപ്പെട്ട നിലയിൽ 200 വാഹനങ്ങളും ഭാരമേറിയ മെഷീനുകളും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. റയ്യാൻ മുനിസിപ്പാലിറ്റി, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക സമിതി, മെക്കാനിക്കൽ എക്യുപ്മെൻറ് ഡിപ്പാർട്ട്മെൻറ്, പൊതു ശുചിത്വവിഭാഗം, ഗതാഗത ജനറൽ ഡയറക്ടറേറ്റ്, ആഭ്യന്തര സുരക്ഷാസേന എന്നിവർ സംയുക്തമായാണ് വാഹനങ്ങൾ നീക്കം ചെയ്യൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ദോഹ മുനിസിപ്പാലിറ്റി പബ്ലിക് കൺട്രോൾ വിഭാഗം മേധാവിയും സംയുക്ത സമിതി അംഗവുമായ ഹമദ് സുൽതാൻ അൽ ഷഹ്നി, മുനിസിപ്പാലിറ്റി മുനിസിപ്പൽ കൺട്രോൾ വിഭാഗം മേധാവി മുഹമ്മദ് ഹമദ് ഹൈദാൻ അൽ മർരി, ലഖ്വിയയിലെ ഫസ്റ്റ് ലെഫ്. സുൽതാൻ തുർക്കി അൽ ദോസരി, ഗതാഗത വകുപ്പിലെ ഫസ്റ്റ് ലെഫ്. അലി റാഷിദ് അൽ ഗുറൈൻഖ്, ട്രാഫിക് പേട്രാൾ- മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ കാമ്പയിൻ നടപടികൾക്ക് നേതൃത്വം നൽകി.
മുബൈരിക് മേഖലയിൽനിന്നുള്ള ജനങ്ങളുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് കാമ്പയിൻ നടത്തുന്നതെന്നും ഹമദ് സുൽതാൻ അൽ ഷഹ്വാനി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും നിരവധി ടയറുകളും അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.