ഇന്ത്യൻ പ്രവാസികളുടെ വഴികാട്ടി മുഹമ്മദലി എ. ഓർമയായി
text_fieldsമുഹമ്മദലി എ.
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ വഴികാട്ടി എ. മുഹമ്മദലി ഓർമയായി. ഇന്ത്യൻ പ്രവാസികളുടെ ആശ്രയവും വിവിധ ഇന്ത്യൻ സംരംഭങ്ങളുടെ അമരക്കാരനും മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രിന്ററും പബ്ലിഷറുമായിരുന്ന പ്രമുഖ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം നാട്ടിൽ മരണപ്പെട്ട എം. മുഹമ്മദലി. 1971ൽ ഖത്തറിൽ ഉപരിപഠനത്തിനായി എത്തിയ അദ്ദേഹം പിന്നീട് നിരവധി സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുകയുണ്ടായി. ഡോ. യൂസുഫുൽ ഖറദാവി നേതൃത്വം നൽകിയ റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. തുടർന്ന് 19 വർഷക്കാലം ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ തസ്തികകളിൽ ഉദ്യോഗസ്ഥനായിരുന്നു. ഇക്കാലത്ത് ഇന്ത്യയിൽനിന്ന് നേരിട്ട് നൂറുകണക്കിന് ആളുകൾക്ക് ആഭ്യന്തര മന്ത്രാലയത്തിൽ തൊഴിൽ നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഡൽഹിയിലും മുംബൈയിലും മന്ത്രാലയ പ്രതിനിധിയോടൊപ്പം നേരിട്ട് എത്തിയാണ് ഇന്റർവ്യൂകൾ നടത്തിയത്.
ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപകരിൽ പ്രമുഖനും ദീർഘകാലം സ്കൂളിന്റെ പ്രസിഡന്റുമായിരുന്നു. ഖത്തറിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷന്റെ (ഇപ്പോഴത്തെ സി.ഐ.സി) സ്ഥാപനത്തിലും നിർണായക പങ്ക് വഹിച്ച അദ്ദേഹം സംഘടനയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.
1998ൽ പ്രവാസത്തോട് വിടപറഞ്ഞ മുഹമ്മദലി മജ്ലിസു തഅ്ലീമിൽ ഇസ്ലാമി ജനറൽ സെക്രട്ടറി, മാധ്യമം ദിനപത്രം എഡിറ്റർ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി തുടങ്ങി നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്. രോഗം പിടിപെട്ട് കിടക്കുന്നതുവരെ കർമനിരതനായിരുന്നു. നല്ലൊരു സംഘാടകനും അഡ്മിനിസ്ട്രേഷൻ പാടവവുമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

