ഖത്തരി ജീവിതം പകരുന്ന ഗെയിമുകളുമായി മുശൈരിബ്
text_fieldsമുശൈരിബ് വേൾഡ് ഗെയിമിൽനിന്ന്
ദോഹ: ഒട്ടകപ്പുറത്ത് അറബ് വേഷമായ കന്തൂറയും തലപ്പാവുമണിഞ്ഞെത്തുന്നവർ, കടലാഴങ്ങളിലേക്ക് ഊളിയിട്ട് മുത്തും ചിപ്പിയും പെറുക്കിയെടുക്കുന്നവർ, പർദയണിച്ച് അറബ് വനിതകളും, നാടോടി ജീവിതങ്ങളും... നൂറ്റാണ്ടുകളുടെ പഴക്കമുള്ള കഥാപാത്രങ്ങളെ വിഡിയോ ഗെയിമിലെ താരങ്ങളാക്കാൻ ഒരുങ്ങുകയാണ് മുശൈരിബ് പ്രോപ്പർട്ടീസ്. ഇതു സംബന്ധിച്ച് പ്രസിദ്ധ ഗെയിമിങ് സ്റ്റുഡിയോ ആയ മെറ്റാഹഗുമായി ധാരണയായി. ഖത്തരി സംസ്കാരം പരിചയപ്പെടുത്തുന്ന ഗെയിമുകൾ കളിക്കാരിലെത്തിക്കുകയാണ് റോബ്ലോക്സിലൂടെ ലക്ഷ്യമിടുന്നത്. ഗെയിമിങ് ലോകത്തെ രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും പകർന്നുനൽകാനുള്ള മികച്ച പ്ലാറ്റ്ഫോമായി വികസിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ദോഹയിലെ മുശൈരിബ് ഡൗൺടൗണിൽ എം7ൽ നടന്ന ടി.ഇ.എഫ്.എഫ്.എ പരിപാടിക്കിടെയാണ് മുശൈരിബും മെറ്റാഹഗും തമ്മിലുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത്.ഖത്തരി ജീവിതത്തിന്റെയും ചരിത്രത്തിന്റെയും വ്യത്യസ്തമായ വശങ്ങൾ ഉയർത്തിക്കാട്ടുന്നതിന് രൂപകൽപന ചെയ്തിരിക്കുന്ന മിനി-ഗെയിമുകളുടെ പരമ്പരക്ക് റോബ്ലോക്സ് പ്ലാറ്റ്ഫോം ആതിഥേയത്വം വഹിക്കും. ഖത്തറിന്റെ പേൾ ഡൈവിങ്ങിനെ പകർത്തുന്ന ‘പേൾ ഹണ്ട്’ മുതൽ ആറ് ഗെയിമുകളാണ് റോബ്ലോക്സിലുള്ളത്.പരമ്പരാഗത ഖത്തരി വസ്ത്രങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഫാഷൻ രൂപകൽപന ചെയ്യുന്നതും പ്രദേശത്തിന്റെ വാസ്തുവിദ്യാ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഫർണിച്ചർ ഉണ്ടാക്കുന്നതും ഗെയിമിങ്ങിലുണ്ട്. വിദ്യാഭ്യാസ ഘടകങ്ങൾ ഗെയിമുമായി സമന്വയിപ്പിക്കുന്നതിലൂടെ ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് കളിക്കാരെ പഠിപ്പിക്കുന്ന മികച്ച അനുഭവം നൽകാൻ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതായി ദോഹ ഡിസൈൻ ഡിസ്ട്രിക്ടിന്റെ സീനിയർ മാനേജർ ശൈഖ അൽ സുലൈത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

