ലുസൈലിൽ മിന്നൽ കുതിപ്പ്
text_fieldsമോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രീ യോഗ്യത റൗണ്ടിൽ റെക്കോഡ് വേഗത്തിൽ ഫിനിഷ് ചെയ്ത
മാർക് മാർക്വസിനെ (വലത്) സഹോദരൻ അലക്സ് മാർക്വസ് അഭിനന്ദിക്കുന്നു
ദോഹ: വേഗട്രാക്കിൽ മിന്നൽപ്പിണർ കണക്കെ മോട്ടോർ ബൈക്കുമായി കുതിക്കുന്ന താരങ്ങളുടെ പ്രകടനം കണ്ട് അതിശയിച്ച് ഖത്തർ. 360 കിലോമീറ്റർ വരെ വേഗത്തിൽ ചീറിപ്പായുന്ന മോട്ടോർബൈക്കുകൾ ഒരു മുരൾച്ചകണക്കെ കണ്ണിന് മുന്നിലൂടെ പാഞ്ഞുപോകുമ്പോൾ ഗാലറിയിലെ കാഴ്ചക്കാർക്കും ഇരിപ്പുറക്കുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി ലുസൈൽ ഇന്റർനാഷണനൽ സർക്യൂട്ടിൽ നടക്കുന്ന മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രീ മത്സരങ്ങൾ ആവേശപ്പോരാട്ടത്തിന്റെ കലാശത്തിലേക്ക്. വെള്ളിയാഴ്ച പ്രാക്ടീസ് സെഷനു പിന്നാലെ ശനിയാഴ്ച നടന്ന പോൾപൊസിഷൻ റൗണ്ടിൽ കണ്ടത് അതിശയകരമായ കുതിപ്പുകൾ. 250 മുതൽ 350 വരെ കിലോമീറ്റർ സ്പീഡിൽ പ്രിയപ്പെട്ട താരങ്ങൾ ചീറിപ്പായുന്നതായിരുന്നു പോൾപൊസിഷൻ റേസിൽ ദൃശ്യമായത്.
ഒടുവിൽ സീസണിലെ ടോപ് ലീഡറായ മാർക് മാർക്വസ് മോട്ടോ ജി.പിയിൽ പുതിയ ലാപ് റെക്കോഡും സ്ഥാപിച്ചു. തുടർച്ചയായി നാലാം സീസണിലും മാർക് ലോപ് പോൾപൊസിഷൻ നിലനിർത്തി ഫൈനലിലേക്ക് പ്രവേശനവും ഉറപ്പിച്ചു. 5.4 കിലോമീറ്റർ ദൂരമുള്ള ലാപ്പിൽ ഒരു മിനിറ്റും 50.49 സെക്കൻഡും കൊണ്ടായിരുന്നു മാർക് ലോപസ് ഫിനിഷ് ചെയ്തത്.
മിന്നൽവേഗത്തിൽ ഒന്നാമതെത്തിയ മാർകിനൊപ്പം സഹോദരൻ അലക്സ് മാർക്വസ്, ഫാബിയോ ക്വർതറോ എന്നിവയും ആദ്യ നിരയിൽ മത്സരിക്കാൻ സ്ഥാനം പിടിച്ചു. രണ്ടു തവണ ലോകചാമ്പ്യനും കഴിഞ്ഞ സീസണിൽ ഖത്തറിലെ ഒന്നാമതുമെത്തിയ ഫ്രാൻസിസ്കോ ബഗാനിയ ഏറെ പിന്നിലായാണ് ക്വാളിഫയിങ് റൗണ്ടിൽ ഫിനിഷ് ചെയ്തത്.
പരിക്ക് ചതിച്ച സീസണിലെ ആദ്യ റൗണ്ടുകൾക്കൊടുവിൽ ഖത്തറിൽ തിരുച്ചുവരവിനിറങ്ങിയ നിലവിലെ ചാമ്പ്യൻ ജോർജ് മാർട്ടിൻ അവസാന ക്വാളിഫയിങ്സെഷനിലേക്ക് യോഗ്യത നേടിയില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അഞ്ചാം നിരയിലാകും താരം മത്സരിക്കുന്നത്. ഞായറാഴ്ച രാത്രി എട്ടിനാണ് മത്സരങ്ങൾക്ക് തുടക്കം. ശനിയാഴ്ച ഉച്ച മുതൽ തന്നെ ലുസൈലിൽ ആരാധകരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. പ്രധാന റേസുകൾക്ക് പുറമെ വിവിധ ഫാൻ ആക്ടിവിറ്റികളാണ് ആരാധകർക്കായി ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

