ഗതാഗത മാസ്റ്റർപ്ലാൻ സർവേ; നിങ്ങളുടെ അഭിപ്രായവും വിലപ്പെട്ടതാണ്
text_fieldsദോഹ: ഖത്തറിന്റെ പൊതുഗതാഗത സംവിധാനം അടിമുടി മെച്ചപ്പെടുത്തുന്ന മാസ്റ്റർപ്ലാൻ വികസിപ്പിക്കുന്നതിനുള്ള സർവേയിൽ സജീവമായി
പങ്കുചേരാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രാലയം. ജനങ്ങളുടെ യാത്രാ മുൻഗണനകളെയും പൊതുഗതാഗത രീതികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് മെട്രോ, ട്രാം, ബസ് സ്റ്റേഷനുകൾ, വ്യാപാര വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലായി ഈ വർഷം ആഗസ്റ്റ് അവസാനം വരെയാണ് സർവേ നടത്തുന്നത്.
വികസന മാർഗരേഖ സൃഷ്ടിക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം സുപ്രധാനമെന്ന് കണക്കാക്കിയാണ് നഗരത്തിരക്കിലും പൊതു ജനങ്ങൾക്കിടയിലുമിറങ്ങി അഭിപ്രായം ആരായുന്നത്. ഖത്തർ പൊതുഗതാഗത മാസ്റ്റർ പ്ലാനിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിലും ആവശ്യങ്ങൾ നിറവേറ്റുന്നതിലും വലിയ ശ്രദ്ധ നൽകുന്നതായും ഗതാഗത മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനും ഈ കാര്യത്തിൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നതിനും സർവേ ടീമുകളുമായി സഹകരിക്കാനും ചോദ്യാവലിക്ക് ഉത്തരം നൽകി ഏതാനും നിമിഷം ചെലവഴിക്കാനും പൊതുജനങ്ങളെ ഹൃദ്യമായി ക്ഷണിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ശേഖരിച്ച വിവരങ്ങളുടെ സ്വകാര്യത ഉറപ്പുനൽകുന്നതായും രഹസ്യസ്വഭാവത്തോടുകൂടി അവ സൂക്ഷിക്കുമെന്നും സർവേ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ അവ ഉപയോഗിക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രിൽ മുതൽതന്നെ മെട്രോ, ട്രാം, ബസ് സ്റ്റേഷന്, മാളുകള്‍ തുടങ്ങി തിരക്കേറിയ ഇടങ്ങൾ കേന്ദ്രീകരിച്ച് അഭിപ്രായ സർവേ ആരംഭിച്ചിട്ടുണ്ട്. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഉത്തരം നൽകി പൂർത്തിയാക്കാവുന്നതാണ് സർവേയെന്ന് മന്ത്രാലയം അറിയിച്ചു.
വാഹനപ്പെരുക്കം, നിരത്തിലെ തിരക്ക്, പാരിസ്ഥിതിക ആഘാതം തുടങ്ങിയ വെല്ലുവിളികൾക്ക് പരിഹാരവുമായാണ് പുതിയ പൊതുഗാഗത മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിക്കുന്നത്. പ്രകൃതിയിലുണ്ടാക്കുന്ന ആഘാതവും കാര്‍ബണ്‍ ബഹിര്‍ഗമനവും മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പഠനവിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

