പ്രാർഥനാനിരതമായി പള്ളികൾ
text_fieldsശനിയാഴ്ച പ്രഭാത നമസ്കാരത്തിനായി എത്തിയ വിശ്വാസികളാൽ പള്ളികൾ നിറഞ്ഞപ്പോൾ പുറത്ത് നമസ്കാരത്തിന് ഇടം
കണ്ടെത്തിയവർ. ദോഹ നജ്മയിൽനിന്നുള്ള ദൃശ്യം
ദോഹ: പള്ളികൾ പ്രാർഥനാനിരതമാക്കി വിശ്വാസിസമൂഹം വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്തു. കോവിഡ് തീർത്ത വിലക്കുകൾ കാരണം രണ്ടു വർഷമായി പള്ളികളിൽ രാത്രികാലങ്ങളിലെ തറാവീഹ് നമസ്കാരം നഷ്ടമായതിന്റെകൂടി സങ്കടം തീർത്ത് റമദാൻ ചന്ദ്രക്കല പിറന്ന വെള്ളിയാഴ്ച രാത്രികളിൽതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികൾ സജീവമായി. കോവിഡ് വ്യാപനം കുറയുകയും വാക്സിനേഷൻ പൂർണമാവുകയും ചെയ്തതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി പള്ളികളെല്ലാം തുറന്നുനൽകിയതോടെ വിശ്വാസിസമൂഹം വീണ്ടും പ്രാർഥനകൾക്കായി തിരികെയെത്തി. സ്ത്രീകൾക്കും പ്രാർഥനസൗകര്യം ഒരുക്കിയിട്ടുണ്ട്.
തറാവീഹ് നമസ്കാരത്തിനായി വെള്ളിയാഴ്ച രാത്രിയിൽതന്നെ എല്ലാ പള്ളികളിലേക്കും വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു. മറ്റു നമസ്കാരങ്ങൾക്കുമെല്ലാമായി പള്ളികൾ സജീവമായി. വുദു സൗകര്യം ആരംഭിക്കുകയും സാമൂഹിക അകലം ഒഴിവാകുകയും മുസല്ലകൾ നിർബന്ധമല്ലാതായി മാറുകയും ചെയ്തതോടെ കോവിഡിന് മുമ്പത്തെ ലോകക്രമത്തിലേക്ക് ഈ നോമ്പുകാലം തിരികെയെത്തുന്നതിന്റെ ആശ്വാസത്തിലാണ് വിശ്വാസികൾ.
ഖുർആൻ പാരായണവും പ്രാർഥനകളുമായി സ്വദേശികളും വിദേശികളും എത്തിയതോടെ മുഴുവൻ സമയവും ഇപ്പോൾ പള്ളികളിൽ തിരക്കായിക്കഴിഞ്ഞു.