ജംഗമസ്വത്ത് പണയത്തിന് നൽകാം
text_fieldsദോഹ: ജംഗമ സ്വത്തുക്കൾ (ചലിക്കുന്ന വസ്തുക്കൾ) പണയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. കരട് നിയമം ശൂറാ കൗൺസിലിന് വിടാനും മന്ത്രിസഭ തീരുമാനിച്ചു.
തങ്ങളുടെ ചലിക്കുന്ന സ്വത്തുക്കൾ പണയപ്പെടുത്തുന്നതിലൂടെ കമ്പനികൾക്കും വ്യക്തികൾക്കും ചെറിയ ലോണുകൾ ലഭിക്കാൻ പുതിയ നിയമം വഴിയൊരുക്കും. രാജ്യത്തിൻെറ ദേശീയ സമ്പദ്വ്യവസ്ഥയിൽ മികച്ച സംഭാവന നൽകുന്നതിൽ ചെറുകിട ഇടത്തരം കമ്പനികൾക്കും പുതിയ നിയമം ഏറെ പ്രയോജനപ്പെടും. ചലിക്കുന്ന സ്വത്തുക്കൾ ഗാരൻറിയായി നൽകുന്നതിലൂടെ ചെറിയ ലോണുകളും അതുവഴി കുറഞ്ഞ സാമ്പത്തിക ബാധ്യതയുമായിരിക്കും ഉപഭോക്താവിനുണ്ടാകുക. ചെറിയ പദ്ധതികൾ തുടങ്ങുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കും ഇതേറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ സെൻട്രൽ സെക്യൂരിറ്റീസ് ഡെപോസിറ്ററിയിൽ ഇലക്േട്രാണിക് റെക്കോഡ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ കരട് നിയമത്തിലുണ്ട്.
ഖത്തറും യു.എൻ ഭീകരവിരുദ്ധ ഓഫിസും തമ്മിലുള്ള സംഭാവന കരാറിന് അംഗീകാരം നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നിയമ മേഖലയിൽ ഖത്തറും മാലി സർക്കാറും തമ്മിലുള്ള സഹകരണ കരാറിനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.