മൊറോക്കോക്ക് സമനിലപ്പൂട്ട്
text_fieldsഫിഫ അറബ് കപ്പ് മൊറോക്കോ-ഒമാൻ
മത്സരത്തിൽനിന്ന്
ദോഹ: ഫിഫ അറബ് കപ്പ് ഗ്രൂപ്പുഘട്ടത്തിൽ രണ്ടാം മത്സരത്തിനിറങ്ങിയ മൊറോക്കോക്ക് സമനിലപ്പൂട്ട്. ആദ്യ കളിയിൽ കോമറോസിനെ സമ്പൂർണമായി കീഴടക്കിയ കരുത്തുമായി ഇറങ്ങിയ മൊറോക്കോയെ ഒമാൻ സമനിലയിൽ തളച്ചു. മുന്നേറ്റതാരം അബ്ദുർറസാഖ് ഹമദല്ല റെഡ് കാർഡ് ലഭിച്ച് പുറത്തായതാണ് മൊറോക്കോയുടെ മുന്നേറ്റത്തെ തളർത്തിയത്.
ആദ്യ പകുതിയിൽ അമിൻ സഹ്സൂ, അബ്ദുർറസാഖ് ഹമദല്ല, എൽ ബെർക്കോ കരീം എന്നിവർ ഗോൾ ലക്ഷ്യമിട്ട് നിരവധി ഷോട്ടുകൾ പായിച്ചെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.
അതേസമയം, രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ആക്രമണം പുറത്തെടുത്ത ഒമാൻ ഗോൾ ലക്ഷ്യമാക്കി ശ്രമം തടർന്നു. യൂസുഫ് അൽമാൽക്കി, മുസ്അബ് അൽമമാരി എന്നിവർ ശ്രമങ്ങൾ നടത്തിയെങ്കിലും ഒടുവിൽ പിഴക്കുകയായിരുന്നു. ഇതിനിടെ 51ാം മിനിറ്റിൽ മുന്നേറ്റ താരം അബ്ദുർറസാഖ് ഹമദല്ല റെഡ് കാർഡ് കണ്ട് പുറത്തായതും മൊറോക്കോയെ കൂടുതൽ പ്രതിസന്ധിയിലാക്കി. തുടർന്ന് പത്തുപേരുമായി കളിച്ച മൊറോക്കോക്കെതിരെ അവസരം മുതലെടുത്ത് ഒമാൻ ആക്രമണം തുടർന്നു. അതേസമയം, മൊറോക്കോ ടീം ഗോളുകൾ വഴങ്ങാതിരിക്കാൻ ശക്തമായ പ്രതിരോധം തീർക്കുകയായിരുന്നു.
കളിയവസാനിക്കാനിരിക്കെ ഗാലറിയെ ആകാംക്ഷയിലാക്കി ഒമാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾവല കുലുക്കാനായില്ല. ഒടുവിൽ ഇരു ടീമുകളും ഗോളുകൾ കണ്ടെത്താനാകാതെ സമനിലയിൽ പരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

