Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാചകന്‍റെ ജീവിതവും...

പ്രവാചകന്‍റെ ജീവിതവും സന്ദേശവും കോർത്തിണക്കുന്ന 5000ലേറെ കവിതകൾ

text_fields
bookmark_border
പ്രവാചകന്‍റെ ജീവിതവും സന്ദേശവും കോർത്തിണക്കുന്ന 5000ലേറെ കവിതകൾ
cancel
Listen to this Article

ദോഹ: പ്രവാചകന്‍റെ ജീവിതവും സന്ദേശവും സ്നേഹവുമെല്ലാം സാഹിത്യത്തിലൂടെ കോർത്തിണക്കുന്ന പ്രവാചക കവിതകളുടെ ശേഖരം 5000 കടന്നു. കതാറ കൾച്ചറൽ സെന്‍ററിന്‍റെ പ്രവാചക കവിത പുരസ്കാരത്തിൽ എത്തിയ കവിതകളിൽനിന്നാണ് ഇത്രയേറെ കവിതകൾ ശേഖരിച്ചത്. ക്ലാസിക്, നബാതി വിഭാഗങ്ങളിലായി 2016 മുതലാണ് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ പ്രവാചക പ്രകീർത്തന കവിതകൾക്ക് പുരസ്കാരം നൽകാൻ തുടങ്ങിയത്. ഇതുവരെ ആറു സെഷനുകൾ സമാപിച്ചപ്പോൾ ക്ലാസിക് വിഭാഗത്തിൽ 5181 കവിതകളും നബാതി വിഭാഗത്തിൽ 755 കവിതകളുമാണ് കതാറയിലെത്തിയത്.

പ്രവാചക പ്രകീർത്തന കാവ്യങ്ങളുടെ എഴുത്തും ഭാഷയും ആലാപന ഭംഗിയും മാറ്റുരക്കുന്നതാണ് കതാറയിലെ മത്സരം. രണ്ടു വിഭാഗങ്ങളിലുമായി ഒന്നാമതെത്തുന്നവർക്ക് 10 ലക്ഷത്തോളം ഖത്തർ റിയാലാണ് സമ്മാനത്തുകയായി ലഭിക്കുക. കവിതക്കൊപ്പം അറബിഭാഷയുടെ പ്രാധാന്യം കൂടി ഉയർത്തിയാണ് കതാറ പ്രവാചക കവിത മത്സരം സംഘടിപ്പിക്കുന്നത്. മുസ്ലിം ലോകത്തെ ഐക്യവും ഇതോടൊപ്പം വിളിച്ചോതുന്നുണ്ട്. അറബ് മേൽവിലാസത്തോടൊപ്പം യുവാക്കളെയും സമൂഹത്തെയും സാംസ്കാരികമായി ഉണർത്തുകയെന്ന കതാറയുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇതിനകം തന്നെ ലോക പ്രസിദ്ധി നേടിയ കവിതാമത്സരത്തിന് കതാറ തുടക്കം കുറിച്ചത്. ജനമനസ്സുകളിൽ ഇസ്ലാമിക മൂല്യങ്ങൾ നിറഞ്ഞുനിൽക്കും വിധത്തിൽ കവിതകളെ പുനരുജ്ജീവിപ്പിക്കുകയും അറബ് പൈതൃകത്തെ സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം പ്രവാചക സ്നേഹവും ആദരവും യുവമനസ്സുകളിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യം കൂടി ഈ മഹത്തായ പരിപാടിക്കുണ്ടെന്ന് കതാറ നേരത്തെ അറിയിച്ചിരുന്നു.

പ്രവാചക പ്രകീർത്തന കവിതളെ സജീവമാക്കി നിലനിർത്തുന്നതോടൊപ്പം പ്രധാനമായും പ്രവാചകന്‍റെ ഗുണങ്ങളും വിശേഷണങ്ങളും വിവരിക്കുക, ഭൗതിക, ധാർമിക ദൃഷ്ടാന്തങ്ങൾ, കവിതയിലൂടെ അവിടത്തെ ജീവചരിത്രം വിവരിക്കുക, പ്രവാചകനുവേണ്ടിയുള്ള പ്രാർഥന തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രകീർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രകീർത്തന കാവ്യങ്ങൾ രൂപപ്പെടുത്തുന്നത്. പ്രഥമ അവാർഡിനായി ക്ലാസിക് വിഭാഗത്തിൽ 630 കവിതകളും നബാതി വിഭാഗത്തിൽ 125 കവിതകളും ജൂറിക്ക് മുന്നിലെത്തിയപ്പോൾ അഞ്ചാം സെഷനിൽ ഇരുവിഭാഗങ്ങളിലുമായി 1498 കവിതകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്.

പ്രവാചക പ്രകീർത്തന കാവ്യമേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് കതാറ നൽകുന്നത്. അറബ് പുസ്തക ശേഖരത്തിലേക്ക് 5000ത്തിലധികം കവിതകളാണ് ഇതുവരെയെത്തിയതെന്നും ഓരോ സെഷനിലും തെരഞ്ഞെടുക്കുന്ന 30 കവിതകൾ പ്രത്യേകമായി അച്ചടിക്കുമെന്നും കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു. അന്തിമപട്ടികയിലേക്ക് കവിത തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിൽ ആവശ്യമായ മാറ്റത്തിരുത്തലുകളോടെ അടുത്ത സെഷനുകളിലേക്ക് മത്സരിക്കുന്നതിന് അവർക്ക് വീണ്ടും അവസരമുണ്ടാകുമെന്നും ഡോ. അൽ സുലൈതി ചൂണ്ടിക്കാട്ടി. പ്രവാചക പ്രകീർത്തന സാഹിത്യത്തെ പുനരുജീവിപ്പിക്കുന്നതിൽ കതാറ കവിത മത്സരത്തിന് വലിയ പങ്കുണ്ടെന്നും അറബ് ലോകത്തെ നിരവധി കവികളാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്നും മൊറോക്കൻ നിരൂപകനായ ഡോ. ജമീൽ ഹംദാവിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:More than 5000 prophetic hymns
News Summary - More than 5000 prophetic hymns
Next Story