കടലിലൊരു അപൂർവ സംഗമം
text_fieldsഖത്തറിന്റെ വടക്കൻ സമുദ്രമേഖലയിൽ കണ്ടെത്തിയ സ്രാവുകളുടെ കൂട്ടം
ദോഹ: ഖത്തറിന്റെ പുറംകടലിനെ സമ്പന്നമാക്കി അപൂർവമായൊരു മത്സ്യസംഗമം. കൂട്ടമായെത്തിയ വിവിധ ഇനങ്ങളിലെ 50ൽ അധികം സ്രാവുകളാണ് പരിസ്ഥിതി ഗവേഷകർക്കും കാഴ്ചക്കാർക്കും വ്യത്യസ്ത വിരുന്നൊരുക്കി ഖത്തർ കടലിൽ സംഗമിച്ചത്. വിവിധ ഇനം സ്രാവുകളുടെ ഖത്തർകടലിലെ ഏറ്റവും വലിയ ഒത്തുചേരലായാണ് ഇതിനെ അധികൃതർ അടയാളപ്പെടുത്തിയിരിക്കുന്നത്.
ഐ.യു.സി.എൻ (ഇന്റർനാഷനൽ യൂനിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്വർ) റെഡ് ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന മൂന്ന് ഇനം സ്രാവുകളും ഈ ഒത്തുചേരലിൽ ഉൾപ്പെടുന്നുണ്ട്.പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിലെ പ്രൊട്ടക്ഷൻ ആൻഡ് നാച്വറൽ റിസർവ് സെക്ടറിലെ ഗവേഷക സംഘമാണ് വടക്കൻ സമുദ്രമേഖലയിൽ നടത്തിയ ഫീൽഡ് പര്യടനത്തിനിടെ സ്രാവിൻ കൂട്ടത്തെ കണ്ടെത്തിയത്.രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനും മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഫലമായാണ് രാജ്യത്ത് കണ്ടെത്തിയ വിവിധ ഇനം സ്രാവുകളുടെ പ്രത്യേക സംഗമമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കോമൺ ബ്ലാക്ക് ടിപ്പ് സ്രാവുകൾ (കാർചാർഹൈനസ് ലിംബാറ്റസ്), ഗ്രേസ്ഫുൾ സ്രാവുകൾ (കാർചാർഹൈനസ് ആംബ്ലിറിൻചോയ്ഡുകൾ), സ്പിന്നർ സ്രാവുകൾ (കാർചാർഹൈനസ് ബ്രെവിപിന്ന) എന്നീ വംശനാശ ഭീഷണി നേരിടുന്ന സ്രാവുകളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നതെന്ന് പരിസ്ഥിതി സംരക്ഷണ സംഘടനയായ റീജനൽ വെയ്ൽഷാർക്ക് കൺസർവേഷൻ സെന്റർ (ആർ.ഡബ്ല്യു.എസ്.സി.സി)അറിയിച്ചു. ഈ മൂന്ന് ഇനങ്ങൾ അറേബ്യൻ ഉൾക്കടലിലെ ദുർബലമായ വിഭാഗമാണെന്ന് ഐ.യു.സി.എൻ തരംതിരിച്ചിരിക്കുന്നുവെന്നും ഖത്തറിലെ ഈ സ്രാവുകളെ സംരക്ഷിക്കണമെന്നും ആർ.ഡബ്ല്യു.എസ്.സി.സി അഭ്യാർഥിച്ചു.
വർഷത്തിൽ ഈ സമയത്ത് ധാരാളമായി മത്തി പോലുള്ള ഭക്ഷ്യസ്രോതസ്സുകളുടെ ലഭ്യതയുടെ ഫലമായി സ്രാവുകളുടെ വലിയ സാന്നിധ്യം സ്വാഭാവിക പ്രതിഭാസമാണെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി. വംശനാശ ഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള ഇത്തരം സ്രാവുകൾ സമാധാനപരമായാണ് ജീവിക്കുന്നതെന്നും അപകടഭീഷണി ഉർത്തുന്നതല്ലെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

